നവംബർ 1ലെ പ്രതിപക്ഷ പ്രതിഷേധം;  പ്രത്യേക ട്രെയിനുകൾ അനുവദിച്ചില്ല: തെലങ്കാനയിൽ ദക്ഷിണ മധ്യ റെയിൽവേ ആസ്ഥാനത്തേക്ക് കോൺഗ്രസ് മാർച്ച് 

നവംബർ ഒന്നിന് ന്യൂഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചില്ലെന്ന് ആരോപിച്ച് തെലങ്കാനയിൽ ശക്തമായ പ്രതിഷേധം. ദക്ഷിണ മധ്യ റെയിൽവേ ആസ്ഥാനമായ റെയിൽ നിലയത്തിന് മുന്നിലായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ധർണ സംഘടിപ്പിച്ചത്.

 

 ഹൈദരാബാദ്: നവംബർ ഒന്നിന് ന്യൂഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചില്ലെന്ന് ആരോപിച്ച് തെലങ്കാനയിൽ ശക്തമായ പ്രതിഷേധം. ദക്ഷിണ മധ്യ റെയിൽവേ ആസ്ഥാനമായ റെയിൽ നിലയത്തിന് മുന്നിലായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ധർണ സംഘടിപ്പിച്ചത്.സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡ്, ഗതാഗത മന്ത്രി പൊന്നം പ്രഭാകർ, പാർട്ടിയിലെ പ്രമുഖ എംഎൽഎമാർ, എംപിമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

"വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ റാലിയിൽ പങ്കെടുക്കാൻ പാർട്ടി പ്രവർത്തകർക്കായി പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ട് റെയിൽവേയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരങ്ങൾ.തെലങ്കാനയിൽ നിന്ന് 10,000 മുതൽ 15,000 വരെയുള്ള കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ പ്രതിഷേധത്തിലേക്ക് തിരിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്ഐആറിലെ (SIR) ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുമാണ് പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, നവംബർ 1-ന് നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ രാംലീലാ മൈതാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനൊപ്പം പ്രദേശങ്ങളിൽ എഐ (AI) ക്യാമറകളും സ്ഥാപിക്കും. എഐ ക്യാമറകളിലെ ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് കൺട്രോൾ റൂമും പ്രവർത്തനസജ്ജമാക്കും.