ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം; രണ്ടാം ദിവസവും ശക്തമായ സമരവുമായി പ്രതിപക്ഷം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ സമരവുമായി പ്രതിപക്ഷം. മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാർ പുറപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ജൻപഥിൽ നിന്ന് മൂന്ന് ബസുകളിൽ പുറപ്പെട്ട ഇവരെ ഇപ്പോൾ ഡൽഹി പൊലീസ് തടഞ്ഞിരിക്കുകയാണ്

 

 ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ സമരവുമായി പ്രതിപക്ഷം. മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാർ പുറപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ജൻപഥിൽ നിന്ന് മൂന്ന് ബസുകളിൽ പുറപ്പെട്ട ഇവരെ ഇപ്പോൾ ഡൽഹി പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 1.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെുക്കാനാണ് എംപിമാർ എത്തിയത്. ജൻ‌പഥിലെ സാഗർ രത്ന റസ്റ്റോറന്‍റിലായിരുന്നു ഉച്ചഭക്ഷണം. എന്നാൽ വീണ്ടും സമരം നടത്താൻ പോകുകയാണെന്ന സൂചനയൊന്നും നൽകിയിരുന്നില്ല.

തുടർന്ന് ഭക്ഷണത്തിന് പിന്നാലെ ബസുകൾ എത്തുകയും എംപിമാരെയും വഹിച്ച് ജന്തർ മന്തറിലേക്ക് പുറപ്പെടുകയുമായിരുന്നു. ബസുകൾ പുറപ്പെട്ടതോടെയാണ് പൊലീസിനും സമരത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ബസുകൾ തടയാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു പൊലീസ്. ജന്തർ മന്തറിലേക്കുള്ള റോഡുകൾ അടച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ പൊലീസിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ശക്തമായി രംഗത്തുന്നുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്‍റെ വാഹനങ്ങൾ കുറുകെയിട്ടാണ് എംപിമാരുടെ ബസുകൾ പൊലീസ് തടഞ്ഞത്. എന്നാൽ ബസുകൾക്ക് വഴിയാരുക്കാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.