ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം
ന്യൂഡൽഹി: എൻസിസി സി സർട്ടിഫിക്കറ്റ് ഉടമകൾക്ക് പരീക്ഷയില്ലാതെ ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം. ഷോർട്ട് സർവീസ് കമ്മീഷൻ എൻസിസി സ്പെഷ്യൽ എൻട്രി (124-ാമത് കോഴ്സ് - ഒക്ടോബർ 2026) വഴിയാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
76 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഇതിൽ 70 എണ്ണം പുരുഷന്മാർക്കും 6 എണ്ണം സ്ത്രീകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദവും, എൻസിസി സീനിയർ ഡിവിഷനിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ സേവനവും 'സി' സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് 'ബി' ഗ്രേഡും ഉള്ളവർക്കാണ് അവസരം.
19 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (2026 ജൂലൈ 1 അടിസ്ഥാനമാക്കി). അപേക്ഷകർ 2001 ജൂലൈ 2-നും 2007 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. എഴുത്തുപരീക്ഷയില്ലാതെ എസ്എസ്ബി ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
സൈന്യത്തിൽ വീരമൃത്യു വരിച്ചവരുടെ മക്കൾക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 മാർച്ച് 16 ആണ്.