ഓപ്പറേഷന്‍ സിന്ദൂർ : ഹൈദരാബാദില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

 

ബെംഗളൂരു: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്ത് അനധികൃതമായി രേഖകള്‍ ഇല്ലാതെ കുടിയേറിയ പാക്, ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയില്‍ എടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പൊലീസ് ഉള്‍പ്പടെ അടിയന്തര സര്‍വീസുകളില്‍ ഉള്ളവരോട് ഉടന്‍ തിരിച്ച് എത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കും. അതീവ ജാഗ്രതാ മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചു.

ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയിലാണ് ഉത്തർപ്രദേശെന്ന് ഡിജിപി അറിയിച്ചു. സംസ്ഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്താനും ഉത്തർപ്രദേശ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമാണ്.