ആയിരം യുവതീ യുവാക്കളില്‍ വെറും 12 പേര്‍ക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
150 ചെറുപ്പക്കാരില്‍ ഒരാള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി കിട്ടുന്നത്.
രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി 40 കോടി വരുന്ന ഊര്‍ജസ്വലരായ യുവജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആയിരം യുവതീ യുവാക്കളില്‍ വെറും 12 പേര്‍ക്ക് മാത്രമാണ് സ്ഥിരമായ ഒരു ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സോഷ്യല്‍ മീഡിയയ്ക്ക് അടിമകളാക്കി യുവാക്കളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിതെറ്റിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി 40 കോടി വരുന്ന ഊര്‍ജസ്വലരായ യുവജനങ്ങളാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന 'ഛാത്രോന്‍ കി ഗൂഞ്ച്' എന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
'ഞാന്‍ നിങ്ങള്‍ക്ക് കണക്കുകള്‍ തരാം. ഓരോ 1000 ചെറുപ്പക്കാരിലും വെറും 12 പേര്‍ക്കാണ് സ്ഥിരം ജോലി കിട്ടുന്നത്. 150 ചെറുപ്പക്കാരില്‍ ഒരാള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി കിട്ടുന്നത്. നിങ്ങളുടെ ഡാറ്റയാകട്ടെ, നിങ്ങളില്‍ നിന്ന് തട്ടിയെടുത്ത് ജിയോ, അദാനി, ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നു. നിങ്ങളൊരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്.'- രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
'നിങ്ങളോട് ഇഷ്ടം പോലെ റീല്‍സ് കാണാനും വാട്‌സ്ആപ്പ് മെസേജ് അയയ്ക്കാനും ഇന്‍സ്റ്റഗ്രാമില്‍ സമയം കളയാനും പറയും. ഇതാണ് 21-ാം നൂറ്റാണ്ടിലെ ലഹരി. എന്നിട്ട് നിങ്ങളോട് ബ്ലിങ്കിറ്റിലോ ഊബറിലോ ജോലി ചെയ്യാനോ മറ്റ് കൂലിപ്പണികള്‍ ചെയ്യാനോ പറയും. ഈ ലഹരിക്ക് അടിമപ്പെടാമെന്നല്ലാതെ, ഈ രാജ്യത്ത് നിങ്ങള്‍ക്ക് ഒരു ജോലി കിട്ടില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു.
തൊഴിലവസരങ്ങള്‍ നല്‍കുന്ന പ്രധാന മേഖലകളെല്ലാം തകര്‍ക്കപ്പെട്ടുവെന്നും പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്ത് എവിടെ നോക്കിയാലും 'മെയ്ഡ് ഇന്‍ ചൈന', 'മെയ്ഡ് ഇന്‍ വിയറ്റ്‌നാം', 'മെയ്ഡ് ഇന്‍ ബംഗ്ലാദേശ്' എന്നൊക്കെ കാണാം. പക്ഷെ 'മെയ്ഡ് ഇന്‍ ഇന്ത്യ' കാണില്ല. കാരണം, നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും നമ്മുടെ നിര്‍മ്മാണ മേഖലയെ തകര്‍ത്തു. തൊഴില്‍ നല്‍കിയിരുന്ന ചെറുകിട വ്യവസായികളെയും തുകല്‍, തുണി, ഓട്ടോമൊബൈല്‍ പോലുള്ള വ്യവസായങ്ങളെയും ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.