വിപണിയിൽ ഉള്ളിവില കുത്തനെ താഴേയ്ക്ക് ;കിലോയ്ക്ക് ലഭിക്കുന്നത് ഒന്ന് മുതൽ നാലു രൂപ വരെ 

മഹാരാഷ്ട്രയിലെ മൊത്തവ്യാപാര വിപണിയിൽ ഉള്ളിവില താഴേയ്ക്ക്. കിലോയ്ക്ക് ഒരു രൂപ മുതൽ നാലു രൂപ വരെ ലഭിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കൃഷിക്കായി ചെലവാക്കിയ തുകയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ മാർക്കറ്റിലെത്തിയ ജിതേന്ദ്ര സോളങ്കെ എന്ന കർഷകന് ലഭിച്ചത് കിലോയ്ക്ക് വെറും 50 പൈസ മാത്രമാണ്. ഒരു ലക്ഷം രൂപയിലധികം ചെലവാക്കി കൃഷി ചെയ്ത വിളവിനാണ് ജിതേന്ദ്രയ്ക്ക് തുച്ഛമായ തുക ലഭിച്ചത്
 

മുംബൈ: മഹാരാഷ്ട്രയിലെ മൊത്തവ്യാപാര വിപണിയിൽ ഉള്ളിവില താഴേയ്ക്ക്. കിലോയ്ക്ക് ഒരു രൂപ മുതൽ നാലു രൂപ വരെ ലഭിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കൃഷിക്കായി ചെലവാക്കിയ തുകയെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ മാർക്കറ്റിലെത്തിയ ജിതേന്ദ്ര സോളങ്കെ എന്ന കർഷകന് ലഭിച്ചത് കിലോയ്ക്ക് വെറും 50 പൈസ മാത്രമാണ്. ഒരു ലക്ഷം രൂപയിലധികം ചെലവാക്കി കൃഷി ചെയ്ത വിളവിനാണ് ജിതേന്ദ്രയ്ക്ക് തുച്ഛമായ തുക ലഭിച്ചത്. പ്രാദേശിക പണമിടപാടുകാരനിൽ നിന്നും കടമെടുത്തായിരുന്നു ജിതേന്ദ്രയുടെ കൃഷി.

ഉള്ളി വിപണിയിലെ തകർച്ച മൂലം 100 ക്വിന്റൽ വിളവിലൂടെ ആകെ ലഭിച്ചത് 15,000 രൂപ മാത്രമാണ്. 85,000 രൂപയുടെ കടവും അതിന്റെ പലിശയും എങ്ങനെ വീട്ടുമെന്നറിയാതെ നിസഹായവസ്ഥയിലാണ് ജിതേന്ദ്ര. മറ്റ് കർഷകരുടെയും അവസ്ഥ സമാനമാണ്. ഒരു ക്വിന്റൽ ഉള്ളി ഉൽപാദിപ്പിക്കാൻ ഏകദേശം 1800 രൂപ ചെലവ് വരുമ്പോഴാണ് വൻ നഷ്ടത്തിലുള്ള ഈ വിൽപന. ഇത് കർഷകരുടെ കടക്കെണിയിലേയ്ക്കും ദുരിതത്തിലേയ്ക്കും തള്ളി വിടുകയാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി കയറ്റുമതിയെ ബാധിച്ചതും കൂടുതൽ ഉള്ളി പ്രാദേശിക വിപണിയിൽ എത്തിയതുമാണ് വൻ ഇടിവിലേയ്ക്ക് എത്തിയത്.

പൈതാൻ താലൂക്കിലെ വരുഡി ഗ്രാമത്തിൽ നിന്നുള്ള 45 വയസ്സുകാരനായ പ്രകാശ് ഗലാധർ എന്ന കർഷകനും തന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടി. 25 ചാക്ക് സവാളയുമായി (ആകെ 1,262 കിലോ) പൈതാൻ എപിഎംസിയിൽ എത്തി. ലേലം കഴിഞ്ഞപ്പോൾ അദേഹത്തിന് ലഭിച്ചത് ആകെ 1,262 രൂപയാണ്. അതായത് ഒരു കിലോയ്ക്ക് വെറും ഒരു രൂപയാണ് അദേഹത്തിന് ലഭിച്ചത്. ഈ തുകയിൽ ഗതാഗതം ഉൾപ്പടെയുള്ള മറ്റ് ചെലവകളും കഴിഞ്ഞു പോകണം. ഇത് അതിലേറെ പ്രതിസന്ധിക്ക് വഴിവെയ്ക്കുന്നു.