അഹമ്മദാബാദ് എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരു വര്‍ഷം

. ഔദ്യോഗിക അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

 

വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദര സൂചകമായി എയര്‍ഇന്ത്യയുടെ ജീവനക്കാര്‍ മൗനമചരിക്കും

2025 ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമാപകടങ്ങളില്‍ ഒന്നായ ഈ ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിക്കുകയും, നിലത്തുണ്ടായിരുന്ന 19 പേര്‍ കൂടി കൊല്ലപ്പെടുകയും ചെയ്തു. ആകെ 260 ജീവനുകളാണ് നഷ്ടമായത്.
വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദര സൂചകമായി എയര്‍ഇന്ത്യയുടെ ജീവനക്കാര്‍ മൗനമചരിക്കും. 1.39നും 1.41നും ഇടയിലാകും മൗനാചരണം. എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറുകളിലും അവശ്യ സേവന വിഭാഗങ്ങളിലും പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകില്ല.

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ ഇപ്പോഴും സത്യാവസ്ഥ ആവശ്യപ്പെടുകയാണ്. ഔദ്യോഗിക അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും, അതിനാല്‍ നിരവധി നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെങ്കിലും, അതുകൊണ്ട് അവരുടെ വേദന അവസാനിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണം.

എയര്‍ ഇന്ത്യയും ടാറ്റാ ഗ്രൂപ്പും ചേര്‍ന്ന് ഏകദേശം ?300 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തതായി അറിയിച്ചു. മരിച്ചവരുടെ 96% കുടുംബങ്ങള്‍ക്കും ഇടക്കാല നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും, 91% കുടുംബങ്ങള്‍ക്ക് ടാറ്റാ സണ്‍സിന്റെ ഒരു കോടി രൂപ എക്സ്-ഗ്രേഷ്യ സഹായവും ലഭിച്ചതായും കമ്പനി വ്യക്തമാക്കി.

അതേസമയം, അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിന്റെ എന്‍ജിനുകളുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് കാലതാമസമെന്നാണ് വിവരം.