` മുഖ‍്യമന്ത്രി ഒമർ അബ്ദുള്ളയെ കാണ്മാനില്ല'; സമൂഹമാധ‍്യമങ്ങളിൽ ബി.ജെ.പിയുടെ പോസ്റ്റർ
ശ്രീനഗർ: ജമ്മു കശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെ പോസ്റ്റർ പ്രചാരണവുമായി ബി.ജെ.പി. സ്വകാര്യ ആവശ‍്യങ്ങൾക്കായി യു.കെയിലേക്ക് പോയ മുഖ‍്യമന്ത്രി ഒമർ അബ്ദുള്ളയെ കാാണാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകളാണ് ബി.ജെ.പി സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.
ബി.ജെ.പിയുടെ ഔദ്യോഗിക സമൂഹമാധ‍്യമ അക്കൗണ്ടുകളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പങ്കുവെച്ച പോസ്റ്ററുകളിൽ ജമ്മു കശ്മീർ മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്ന ഈ വ്യക്തിയെ കഴിഞ്ഞ പത്ത് ദിവസമായി കാണ്മാനില്ലെന്നാണ് ഉള്ളടക്കം. മേയ് 11-ന് ഗന്ദർബാൽ ജില്ലയിലെ മാൽഷാഹി മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടൽ ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നും അതിൽ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുന്നവർ പാർട്ടിയുമായി പങ്കുവെക്കണമെന്നും അറിയിക്കുന്നു.
എന്നാൽ ഇത്തരം പോസ്റ്ററുകളോട് തങ്ങളുടെ പാർട്ടി പ്രതികരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. കശ്മീരിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതല്ലാതെ ബി.ജെ.പിക്ക് ഇവിടെ മറ്റ് നല്ല കാര്യങ്ങളൊന്നും ചെയ്യാനില്ലെന്ന് തോന്നുവെന്നും അദ്ദേഹം പരിഹാസേന വ്യക്തമാക്കി
അതേ സമയം മുഖ്യമന്ത്രിയെ 11 ദിവസമായി കാണാനില്ലെന്നും ഇതേക്കുറിച്ച് നാഷണൽ കോൺഫറൻസ് ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ലെന്നും ബി.ജെ.പി വക്താവ് അജയ് ജസ്രോതിയ പറഞ്ഞു. `അദ്ദേഹം ലണ്ടനിലാണെന്ന് റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിക്ക് അദ്ദേഹം ആഗ്രഹിക്കുന്ന എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്, എന്നാൽ ജമ്മു കശ്മീരിലെ ജനങ്ങൾ അദ്ദേഹത്തെ തെരെഞ്ഞെടുത്തത് ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടിയല്ല' ജസ്രോതിയ കൂട്ടിച്ചേർത്തു.