രാജ്യത്തുടനീളം മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നു ; ജമ്മു കശ്മീരിന് പുറത്തേക്ക് പോകാന്‍ ആളുകള്‍ക്ക് ഭയമാണെന്ന് ഒമര്‍ അബ്ദുള്ള

രാജ്യത്തുടനീളം മുസ്ലിങ്ങള്‍ ആക്രമിക്കപ്പെടുന്നു ; ജമ്മു കശ്മീരിന് പുറത്തേക്ക് പോകാന്‍ ആളുകള്‍ക്ക് ഭയമാണെന്ന് ഒമര്‍ അബ്ദുള്ള
 

രാജ്യത്തുടനീളം മുസ്ലിം ജനവിഭാഗം ആക്രമിക്കപ്പെടുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരിന് പുറത്തേക്ക് പോകാന്‍ ഇതുകൊണ്ടു തന്നെ ആളുകള്‍ ഭയപ്പെടുകയാണ്. ഒരു പ്രത്യേക സമുദായത്തിന് നേരെ മാത്രമാണ് രാജ്യത്ത് ആക്രമണങ്ങള്‍ നടക്കുന്നത്. പൂഞ്ച് ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹലാല്‍, ഹിജാബ് തുടങ്ങിയവയെ സംബന്ധിച്ച സമീപകാല സംഭവങ്ങളെ ശക്തമായി അപലപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ്, ഭരണഘടന എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുണ്ടെങ്കിലും മുസ്ലിം ജനങ്ങളുടെ കാര്യത്തില്‍ ചിലര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.

‘മതങ്ങളുടെ പേരില്‍ ജനങ്ങളെ വ്യത്യസ്തരായി കാണാന്‍ പാടില്ല. ഒരു മതത്തിനെതിരെ മറ്റൊരു മതത്തെ ഉയര്‍ത്തിക്കാട്ടി ചിലര്‍ ഇന്ത്യയെ നശിപ്പിക്കുകയാണ്’. ഒമര്‍ അബ്ദുള്ള പറഞ്ഞു.

ഇന്ത്യ-പാക് ചര്‍ച്ചകളില്‍ തന്റെ പാര്‍ട്ടിയെയും നേതാക്കളെയും ദേശവിരുദ്ധരെന്ന് പോലും വിളിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാകിസ്താനുമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു പ്രശ്‌നവുമില്ല. പക്ഷേ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ദേശവിരുദ്ധരായി തള്ളിക്കളയുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.