എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുന്ന നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്രം
പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ വിൽപ്പനയെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുന്ന നിർദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം സ്ഥിരീകരിച്ചു.കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് സംഘർഷത്തെത്തുടർന്ന് അസംസ്കൃത എണ്ണയുടെ വിലയിൽ കുത്തനെ വർധനയുണ്ടായിട്ടും, പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലയിൽ നാല് വർഷമായി മരവിപ്പിച്ചതിനെത്തുടർന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎൽ) എന്നീ കമ്പനികൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു.
എണ്ണ ഇന്ധന വിൽപനയിലൂടെയുണ്ടാകുന്ന നഷ്ടത്തോടൊപ്പം, എടിഎഫ് വിൽപ്പനയിലും കമ്പനികൾ നഷ്ടം നേരിട്ടുതുടങ്ങിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ ഇന്ധന വില ഉടൻ ഉയർന്നേക്കാമെന്ന റിപ്പോർട്ടിനിടയിലാണ് കേന്ദ്രത്തിന്റെ പ്രസ്താവന. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ സർക്കാരിന്റെ മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.