നഴ്സ് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചു; ബ്ലഡ് കാന്‍സര്‍ രോഗിയായ മൂന്ന് വയസുകാരന് ദാരുണാന്ത്യം
രണ്ട് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു.
ബയോപ്സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍
മധ്യപ്രദേശില്‍ രക്താര്‍ബുദ ബാധിതനായ മൂന്നുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. എയിംസ് ഭോപ്പാലില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നുവയസുകാരന് നഴ്സ് മരുന്നിന് പകരം ഫോര്‍മാലിന്‍ കുത്തിവെച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. ബയോപ്സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഇത് മരുന്നിന് പകരം നഴ്സ് മൂന്നുവയസുകാരന്റെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ നിന്നുളള സാര്‍ഥക് യാദവ് എന്ന മൂന്നുവയസുകാരനാണ് മരിച്ചത്. 2025 ഡിസംബറിലായിരുന്നു സംഭവം.
രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി നിരന്തരമായ മെഡിക്കല്‍ നിരീക്ഷണത്തിലായിരുന്നു. ഡിസംബര്‍ പതിനഞ്ചിന് ഭോപ്പാല്‍ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. പതിനേഴാം തീയതി രാവിലെയാണ് ഗുരുതരമായ പിഴവുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് കൃത്യമായി പരിശോധിക്കാതെ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം ഐവി ബോട്ടിലിലേക്ക് കുത്തിവയ്ക്കുകയായിരുന്നു. മരുന്ന് കുഞ്ഞിന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് മുന്‍പ് മൂന്നുതവണ അത് തെറ്റായ മരുന്നാണ് എന്ന് കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞെന്നും മുന്നറിയിപ്പ് വകവയ്ക്കാതെ നഴ്സ് മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നുമാണ് കുടുംബം ആരോപിച്ചത്. മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. പിഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ തുടര്‍ന്ന് സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.