രാജ്യത്തെ എല്ലാ ജില്ലകളിലും എൻടിഎ പരീക്ഷാകേന്ദ്രങ്ങൾ വരുന്നു; ഡിസംബർ 6 വരെ അപേക്ഷിക്കാം

രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കും പേപ്പർ-പെൻ പരീക്ഷകൾക്കും ആവശ്യമായ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിൽ നിന്ന് എൻ.ടി.എ. താല്പര്യപത്രം ക്ഷണിച്ചു. ഡിസംബർ 6 വരെയാണ് അപേക്ഷിക്കാൻ അവസരം.

പ്രവേശനപ്പരീക്ഷകൾക്കായി വിദ്യാർത്ഥികൾ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പ്രധാന പരീക്ഷാകേന്ദ്രമെങ്കിലും ഒരുക്കാനാണ് നീക്കം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി സമീപത്ത് ബാക്കപ്പ് കേന്ദ്രങ്ങളും സജ്ജമാക്കും. നിലവിലെ പരീക്ഷാസൗകര്യങ്ങളിലെയും മേൽനോട്ട ഉദ്യോഗസ്ഥരുടെയും കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐ.കൾ, നൈപുണി വികസന കേന്ദ്രങ്ങൾ, അംഗീകൃത സി.ബി.ടി. സേവനദാതാക്കൾ തുടങ്ങി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. സി.ബി.ടി. കേന്ദ്രങ്ങൾക്ക് ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിപ്പിക്കാൻ കുറഞ്ഞത് 285 കമ്പ്യൂട്ടറുകൾ വേണം. പി.പി.ടി. കേന്ദ്രങ്ങൾക്ക് കുറഞ്ഞത് 250 സീറ്റുകളാണ് ആവശ്യം. കുടിവെള്ളം, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം.

പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച നന്ദൻ നിലേകനി സമിതി വിവിധ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നതിനിടയിലാണ് എൻ.ടി.എ.യുടെ പുതിയ നീക്കം. പ്രാദേശിക ഓഫീസുകൾ തുറക്കുന്നതും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതുമടക്കമുള്ള വിപുലമായ പരിഷ്കാരങ്ങൾ എൻ.ടി.എ.യിൽ നടപ്പാക്കിവരികയാണ്. നിലവിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളുടെ ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.