രാജ്യത്തെ അടുത്ത സംയുക്ത സൈനിക മേധാവിയായി ലെഫ്.ജനറൽ എൻ.എസ് രാജ സുബ്രഹ്മണി ; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ നാവികസേനാ മേധാവി 

രാജ്യത്തെ അടുത്ത സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ആയി ലഫ്റ്റനന്റ് ജനറൽ (റിട്ട.) എൻ.എസ്. രാജ സുബ്രഹ്മണിയും പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും നിയമിക്കപ്പെട്ടു.

 

 ന്യൂഡൽഹി: രാജ്യത്തെ അടുത്ത സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ആയി ലഫ്റ്റനന്റ് ജനറൽ (റിട്ട.) എൻ.എസ്. രാജ സുബ്രഹ്മണിയും പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും നിയമിക്കപ്പെട്ടു. ഇതുസംബന്ധിച്ച ഉത്തരവുകൾ ശനിയാഴ്ച പുലർച്ചെയാണ് പുറപ്പെടുവിച്ചത്. കരസേനയുടെ ഉപമേധാവിയായി വിരമിച്ച സുബ്രഹ്മണി നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയാണ്. ജനറൽ അനിൽ ചൗഹാന് പകരമായി മെയ് 30-ന് അദ്ദേഹം സി.ഡി.എസ് ആയി ചുമതലയേൽക്കും. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡിന്റെ തലവനായ സ്വാമിനാഥൻ, അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയുടെ കാലാവധി കഴിയുന്നതോടെ മെയ് 31-ന് ചുമതലയേൽക്കും.

39 വർഷത്തെ സൈനിക സേവനത്തിന് ശേഷം 2025 ജൂലൈ 31-നാണ് സുബ്രഹ്മണി കരസേനയുടെ ഉപമേധാവി സ്ഥാനത്തുനിന്ന് വിരമിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹത്തെ എൻ.എസ്.എ.ബിയിൽ സൈനിക ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഖഡക്വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്. നേരത്തെ ലഖ്‌നൗവിൽ സെൻട്രൽ ആർമി കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈസ് അഡ്മിറൽ സ്വാമിനാഥൻ നേരത്തെ നാവികസേനയുടെ ഉപമേധാവിയായി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987 ജൂലൈ 1-ന് നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിൽ വിദഗ്ധനാണ്. നേവി ചീഫ് ഓഫ് പേഴ്സണൽ, കൺട്രോളർ ഓഫ് പേഴ്സണൽ സർവീസസ്, വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നീ പ്രധാന തസ്തികകൾ വഹിച്ചിട്ടുണ്ട്. അഡ്മിറൽ പദവിയിലിരിക്കെ കൊച്ചി ആസ്ഥാനമായുള്ള സതേൺ നേവൽ കമാൻഡിൽ ചീഫ് സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹംനാവികസേനയുടെ പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്ന 'ഇന്ത്യൻ നേവൽ സേഫ്റ്റി ടീം' രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.