നവംബർ 1-ലെ മഹാറാലിയും സമരങ്ങളും മാറ്റിവെയ്ക്കണം; നഷ്ടം 10,000 കോടി, രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഡൽഹിയിലെ വ്യാപാരികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി' സംഘടിപ്പിക്കുന്ന മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ. നവംബർ 1-ന് ഡൽഹി രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യം റാലി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് നവംബർ 10 വരെ റാലികളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) കത്തിലൂടെ അഭ്യർത്ഥിച്ചു. 

 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി' സംഘടിപ്പിക്കുന്ന മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ. നവംബർ 1-ന് ഡൽഹി രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യം റാലി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് നവംബർ 10 വരെ റാലികളും പ്രതിഷേധങ്ങളും ഒഴിവാക്കണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (CTI) കത്തിലൂടെ അഭ്യർത്ഥിച്ചു.  ഡൽഹിയിൽ നവംബർ 6-ന് ധൻതേരസും നവംബർ 8-നാണ് ദീപാവലിയും ആഘോഷിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായുള്ള ദിനങ്ങളിൽ വൻ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകുന്നത് വിപണിയെയും വ്യാപാരത്തെയും രൂക്ഷമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.   

ഐശ്വര്യപൂർണ്ണമായ ധൻതേരസ് ദിനത്തിൽ സാധാരണയായി 25,000 കോടി രൂപയിലധികം കച്ചവടം ഡൽഹിയിൽ നടക്കാറുണ്ട്. സ്വർണം, വെള്ളി, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സമയമാണിത്. ഈ ഘട്ടത്തിൽ റാലികൾ നടന്നാൽ വ്യാപാര മേഖലയ്ക്ക് 10,000 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകും.CTI, ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. ഒക്ടോബറിൽ ഇതുവരെ നടന്ന സമരങ്ങളും റാലികളും കാരണം ഡൽഹിയിലെ വ്യാപാരികൾക്ക് 3,000 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അതിനാൽ ദീവാലി സീസൺ കണക്കിലെടുത്ത് പ്രതിപക്ഷം പ്രതിഷേധ പരിപാടികൾ മാറ്റിവെക്കണമെന്നും സി.ടി.ഐ ആവശ്യപ്പെട്ടു.