ഇന്ന് ശിശുദിനം : ജവഹർലാൽ നെഹ്രുവിന് 133-ാം ജന്മദിനം 

 

ദില്ലി: നവംബർ 14 ന് രാജ്യം ശിശുദിനം ആഘോഷിക്കുന്നു .ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ പതിനാല് ആണ് ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത്. ജവഹർലാൽ നെഹ്രുവിന്റെ 133-ാം ജന്മദിനം ആണിന്ന് . 

കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. നാളെ ജീവനുള്ള ഇന്ത്യ വേണമെങ്കിൽ  ഇന്ന് നാം കുഞ്ഞുങ്ങൾക്ക് നല്ല ബാല്യം നല്കണമെന്ന് പറഞ്ഞ വ്യക്തിയാണ് നെഹ്റു. ലോകമെങ്ങും കുട്ടികളുടെ ദിനം നവംബർ 20 എങ്കിൽ ഇന്ത്യയിൽ അത് ആറു ദിവസം നേരത്തെയാണ്. കാലത്തിനും നേരത്തെ നടന്ന നെഹ്‌റുവിന്റെ നെഞ്ചിലെ പനിനീർപ്പൂവ് ഓരോ കുരുന്നിനെയും അണിയിച്ച് രാജ്യം ഈ ദിനം ആഘോഷിക്കുന്നു. 

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. സ്‌കൂളുകളും നിരത്തുകളും കൊച്ചു ചാച്ചാജിമാരാൽ നിറയുന്ന ദിവസം. ഈ വർഷവും പതിവു പോലെ രാജ്യമെങ്ങുമുണ്ട് റാലികൾ, മത്സരങ്ങൾ, ഔപചാരിക ആഘോഷങ്ങൾ. 

ഏഴര പതിറ്റാണ്ടിൽ രാജ്യം ചെലവിട്ട കോടികളും ആവിഷ്ക്കരിച്ച എണ്ണമറ്റ പദ്ധതികളും പൂർണ്ണാർത്ഥത്തിൽ നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളിലേക്ക് എത്തിയിട്ടില്ല. മുതിർന്നവർക്ക് ഒപ്പമിരിക്കാൻ എനിക്ക് പലപ്പോഴും സമയം കണ്ടെത്താൻ കഴിയാറില്ല. എന്നാൽ , കുഞ്ഞുങ്ങൾക്ക് ഒപ്പം ഞാൻ സമയം കണ്ടെത്തി ഇരിക്കാറുണ്ട് എന്ന് നെഹ്‌റു എഴുതിയിട്ടുണ്ട്. കുഞ്ഞുങ്ങളെ അവർക്കൊപ്പമിരുന്ന് ഏറെ കേൾക്കേണ്ട ഒരു സങ്കീർണ്ണ കാലമാണിതെന്നുകൂടി ഓർമിപ്പിക്കുന്നു ഈ ശിശുദിനം. 

1964 ൽ ജവഹർലാൽ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാർലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. എല്ലാവർക്കും കേരള ഓൺലൈൻ ന്യൂസിന്റെ ശിശുദിന ആശംസകൾ .