ഇരട്ട പെണ്‍മക്കളുടെ പേരിടല്‍ ചടങ്ങിന് കുപ്രസിദ്ധ ഗ്യാങ്സ്റ്ററിന് ആറ് മണിക്കൂര്‍ പരോള്‍; ബാന്‍ഡ് മേളത്തോടെ സ്വീകരണം

ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പരോളിന്റെ എല്ലാ ചെലവുകളും കാലാ ജതേദിയുടെ കുടുംബമാണ് വഹിച്ചത്.

 

ആറ് മണിക്കൂര്‍ താല്‍ക്കാലിക പരോളായിരുന്നു കാലാ ജതേദിക്ക് അനുവദിച്ചിരുന്നത്.

മൂന്ന് മാസം പ്രായമുള്ള ഇരട്ട പെണ്‍മക്കളുടെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ സന്ദീപ് എന്ന കാലാ ജതേദിക്ക് പരോള്‍. കനത്ത സുരക്ഷാ അകമ്പടിയോടെ ഹരിയാനയിലെ സോണിപത്തിലുള്ള റായ്മേഖലയിലെ ജന്മനാട്ടില്‍ ഇയാളെ എത്തിച്ചു.

ആറ് മണിക്കൂര്‍ താല്‍ക്കാലിക പരോളായിരുന്നു കാലാ ജതേദിക്ക് അനുവദിച്ചിരുന്നത്. ഇയാളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പരോളിന്റെ എല്ലാ ചെലവുകളും കാലാ ജതേദിയുടെ കുടുംബമാണ് വഹിച്ചത്.
മൂന്ന് മാസം മുമ്പാണ് ഭാര്യ അനുരാധ ചൗധരി ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുടുംബത്തിനൊപ്പമുള്ള ആഘോഷത്തിനായി ഇതാദ്യമായല്ല ഇയാളെ കസ്റ്റഡിയില്‍ നിന്ന് പുറത്തിറക്കുന്നത്. കുട്ടികള്‍ ജനിച്ച ജൂലൈയില്‍ കാലാ ജതേദിക്ക് നാല് മണിക്കൂര്‍ പരോള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനുമുമ്പ്, 2024 ല്‍ വിവാഹത്തിനും പിന്നീട് അമ്മയുടെ മരണശേഷവും രണ്ടുതവണ പരോള്‍ ലഭിച്ചിരുന്നു.

ഗുരുതരമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി എന്നിവയുള്‍പ്പെടെ 31 ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.