'മനപ്പൂര്‍വമല്ല, ഞാനും വെങ്കിടേശ്വര ഭക്തന്‍'; തിരുപ്പതി ലഡ്ഡു പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കാര്‍ത്തി

വെങ്കിടേശ്വര ഭക്തനെന്ന നിലയില്‍ നമ്മുടെ ആചാരങ്ങളെ ഏറ്റവും ബഹുമാനത്തോടെ നെഞ്ചോട് ചേര്‍ക്കുന്നയാളാണ് ഞാന്‍,' കാര്‍ത്തി എക്‌സില്‍ കുറിച്ചു.
 

തിരുപ്പതി ലഡുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ആന്ധ്രാ ഉപമുഖ്യമന്ത്രിയോടെ മാപ്പ് പറഞ്ഞ് നടന്‍ കാര്‍ത്തി. മനപ്പൂര്‍വ്വം നടത്തിയ പരാമര്‍ശമല്ലെന്നും താനും വെങ്കിടേശ്വര ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ക്ഷമാപണം.
'പവന്‍ കല്യാണ്‍ സര്‍, താങ്കളോടുള്ള എല്ലാ ബഹുമാനത്തോടും കൂടി സംഭവിച്ച തെറ്റിദ്ധാരണകള്‍ക്ക് മാപ്പ് ചോദിക്കുന്നു. വെങ്കിടേശ്വര ഭക്തനെന്ന നിലയില്‍ നമ്മുടെ ആചാരങ്ങളെ ഏറ്റവും ബഹുമാനത്തോടെ നെഞ്ചോട് ചേര്‍ക്കുന്നയാളാണ് ഞാന്‍,' കാര്‍ത്തി എക്‌സില്‍ കുറിച്ചു.

മെയ്യഴകന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. പരിപാടിക്കിടെ ലഡുവിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് തമാശ രൂപേണയുള്ള കാര്‍ത്തിയുടെ മറുപടിയാണ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെ ചൊടിപ്പിച്ചത്. ലഡുവിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും ലഡു ഒരു സെന്‍സിറ്റീവ് വിഷയമായെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സംഭവത്തിന് പിന്നാലെ വിജയവാഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കാര്‍ത്തിക്കെതിരെ പവന്‍ കല്യാണ്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും നടത്താന്‍ പാടില്ലെന്നായിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം, നടനെന്ന നിലയില്‍ നിങ്ങളെ ബഹുമാനിക്കുന്നു. സനാതന ധര്‍മത്തെ കുറിച്ച് ഒരു വാക്ക് പറയുമ്പോള്‍ നൂറ് വട്ടം ചിന്തിക്കണമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. സംഭവത്തില്‍ പവന്‍ കല്യാണിന്റെ അനുയായികളും കാര്‍ത്തിക്കെതിരെ തിരിഞ്ഞു. ഇതോടെയാണ് ക്ഷമാപണവുമായി കാര്‍ത്തി രം?ഗത്തെത്തിയത്.