കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും ; 'ശക്തി' പദ്ധതിയില്‍ മാറ്റം വരുത്തി കര്‍ണാടക സര്‍ക്കാര്‍
48ല്‍ നിന്ന് 36 ശതമാനമായാണ് പുരുഷ യാത്രക്കാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയ ശേഷം കുറഞ്ഞിരിക്കുന്നത്.
ആധാര്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം ശക്തി സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്താനാണ് നീക്കം.
കേരളം മാതൃകയാക്കിയ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയില്‍ അഴിച്ച് പണിക്ക് കര്‍ണാടക സര്‍ക്കാര്‍. കന്നടക്കാരല്ലാത്ത ഇതര സംസ്ഥാനക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ആധാര്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിന് പകരം ശക്തി സ്മാര്‍ട്ട് കാര്‍ഡുള്ളവര്‍ക്ക് മാത്രമായി യാത്ര പരിമിതപ്പെടുത്താനാണ് നീക്കം.
48ല്‍ നിന്ന് 36 ശതമാനമായാണ് പുരുഷ യാത്രക്കാരുടെ എണ്ണം ശക്തി പദ്ധതി നടപ്പാക്കിയ ശേഷം കുറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ബസുകളില്‍ ആണ്‍കുട്ടികള്‍ക്കും ഇപ്പോള്‍ യാത്ര സൗജന്യമാണ്. 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം സൗജന്യം നല്‍കാന്‍ 1700 കോടി രൂപ വേണം. നേരത്തെയുള്ള കടബാധ്യതയ്‌ക്കൊപ്പം ഈ ബാധ്യത കൂടിയായതോടെ നടുവൊടിഞ്ഞ അവസ്ഥയിലാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍. പിടിച്ചു നില്‍ക്കണമെങ്കില്‍ അടിയന്തരമായി 5173 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.
ജീവനക്കാരുടെ വേതനം കൂട്ടിയ വകയില്‍ 873 കോടി രൂപയും ഡീസല്‍ ചാര്‍ജ് വര്‍ധന ഇനത്തില്‍ 395 കോടിയും അധിക ബാധ്യത വരുന്നതായി കോര്‍പ്പറേഷന്‍ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാന്‍ 821 കോടി രൂപ വേറെയും വേണം. ഇതിനൊപ്പം ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക കൂടി ചെയ്താലേ ഇനി മുന്നോട്ട് പോകാനാകൂ എന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ് കോര്‍പ്പറേഷനുകള്‍