നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് ; പരിഹസിച്ച് അഖിലേഷ് യാദവ്
നോയിഡ: ഉത്തർപ്രദേശിലെ ജേവാറിലുള്ള നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാറിനെയും കേന്ദ്രസർക്കാറിനെയും പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിമാനത്താവളത്തിൽ കൂടി ബോട്ടുകളും ഓടുമോ എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം.
‘ഇനി വിമാനത്താവളത്തിൽ ബോട്ടുകൾ ഓടുമോ?’ എന്നായിരുന്നു സമൂഹമാധ്യമമായ എക്സിലൂടെ അഖിലേഷ് യാദവിന്റെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്നിടത്തെല്ലാം വ്യാപക അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ടെർമിനലിനെയും പാർക്കിങ് മേഖലയെയും ബന്ധിപ്പിക്കുന്ന ഭാഗത്താണ് മഴവെള്ളം കെട്ടിക്കിടന്നത്. വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ ശ്രമിക്കുന്ന വിമാനത്താവള ജീവനക്കാരേയും ദൃശ്യങ്ങളിൽ കാണാം. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും വിമാനത്താവളത്തിലെത്തിയവർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
അതേസമയം, ചൊവ്വാഴ്ച കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചതാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. അധികൃതരുടെ നേതൃത്വത്തിൽ ഉടൻ തന്നെ വെള്ളം നീക്കം ചെയ്തതായും 30 മിനിറ്റിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
വെള്ളക്കെട്ട് രൂപപ്പെട്ട സമയത്ത് വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടു. യാത്രക്കാരെ നേരിട്ട് ടെർമിനൽ കർബിൽ നിന്ന് സ്വീകരിക്കാനും സൗകര്യമൊരുക്കിയിരുന്നു. വെള്ളക്കെട്ടിനെ തുടർന്ന് വിമാന സർവീസുകൾക്ക് തടസ്സമുണ്ടായില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.