അനധികൃത കസ്റ്റഡി പാടില്ല, പൊതുഗതാഗതവും ഇന്റര്‍നെറ്റും പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതാണെന്നും നീക്കണമെന്നും കോടതി വ്യക്തമാക്കി.

 

സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കസ്റ്റഡിയില്‍ എടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. മെട്രോ, റെയില്‍വേ സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ പുനഃസ്ഥാപിക്കണം. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതാണെന്നും നീക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉയര്‍ത്തി രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തെ നേരിടുന്നതിനായി ഡല്‍ഹി മെട്രോ ഉള്‍പ്പെടെ അടച്ചിട്ടുള്ള നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റ് ജോലിക്കാര്‍ എന്നിവരുടെ ജോലി തടസ്സപ്പെടുത്തരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.