ലോക്‌സഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം; ഒപ്പ് വച്ചത് 118 എംപിമാർ
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിൽ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരാണ് ഒപ്പുവച്ചത്.
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അവിശ്വാസ നോട്ടീസിൽ ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളിലെ 118 എംപിമാരാണ് ഒപ്പുവച്ചത്. ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിനാണ് നോട്ടീസ് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തില്‍ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ ഓം ബിര്‍ല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എന്‍ഡിഎ ഭരണത്തില്‍ ഇത് ആദ്യമായിട്ടാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.