ഭർത്താവിൽ നിന്ന് ജീവനാംശം വേണ്ട ; ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നീണ്ട കാലത്തെ ദാമ്പത്യ തർക്കത്തിൽ ഭർത്താവിൽ നിന്ന് ജീവനാംശം വേണ്ടെന്ന ഭാര്യയുടെ തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. ഭർതൃവീട്ടിൽ നിന്നും ലഭിച്ച സമ്മാനങ്ങൾ തിരികെ നൽകാനും ഭാര്യ തയ്യാറായി. ഇത് അപൂർവമായ ഒത്തുതീർപ്പാണെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്, ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി രേഖപ്പെടുത്തി.
ഭാര്യ ഭർത്താവിനോട് ഒരു സാമ്പത്തിക ക്ലെയിമുകളും ആവശ്യപ്പെടാത്തത് ഇത്തരം കേസുകളിൽ അപൂർവമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ദമ്പതികൾ കോടതിയെ സമീപിച്ചപ്പോൾ മധ്യസ്ഥതാ കേന്ദ്രത്തിൽ അനുരഞ്ജന ചർച്ചകൾ നടത്താൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചർച്ചകളുടെ ഫലമായി തന്റെ കൈവശം ഉണ്ടായിരുന്ന സ്വർണ വളകൾ ഭർത്താവിന്റെ അമ്മയുടേതായിരുന്നുവെന്നും അത് തിരികെ നൽകാൻ ഭാര്യ തയ്യാറാവുകയുമായിരുന്നു.
ഒത്തുതീർപ്പിന്റെ ഭാഗമായി ഭർത്താവിൽ നിന്ന് ഒന്നും ആവശ്യപ്പെടാത്ത അപൂർവ സന്ദർഭമാണിതെന്ന് ബെഞ്ച് തങ്ങളുടെ ഉത്തരവിൽ എടുത്തുപറഞ്ഞു. 'ഈ അടുത്ത കാലത്ത് ഞങ്ങൾ കണ്ടുവരുന്ന അപൂർവമായ ഒത്തുതീർപ്പുകളിൽ ഒന്നാണിത്. കാരണം ഭാര്യ ഭർത്താവിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല', ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്തിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.