സുവേന്ദു അധികാരിയുടെ മാതൃക രേവന്ത് റെഡ്ഡിയും പിന്തുടരും; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന്  നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സുവേന്ദു അധികാരിയുടെ മാതൃക രേവന്ത് റെഡ്ഡിയും പിന്തുടരുമെന്നാണ് അരവിന്ദ് അഭിപ്രായപ്പെടുന്നത്.

 

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന്  നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സുവേന്ദു അധികാരിയുടെ മാതൃക രേവന്ത് റെഡ്ഡിയും പിന്തുടരുമെന്നാണ് അരവിന്ദ് അഭിപ്രായപ്പെടുന്നത്.

'ആറ് വര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെപ്പോലെ രേവന്ത് റെഡ്ഡിയും രാഷ്ട്രീയ ചേരി മാറിയേക്കാം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഈ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിയതായും ധര്‍മപുരി അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

2028-29ലെ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അഭൂതപൂര്‍വമായ പരാജയം നേരിടും. 1985-ലും 1994-ലും അവര്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. 2028-29-ല്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ തകര്‍ച്ചയെ നേരിടാന്‍ പോവുകയാണ്. ധര്‍മപുരി അരവിന്ദ് പറഞ്ഞു. ഹൈദരാബാദില്‍ ഒരു പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയെ ലക്ഷ്യമിട്ട് നടത്തിയതായി കരുതപ്പെടുന്ന ഒരു പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നത്.