രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് നിതീഷ് കുമാർ

 ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. പട്നയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ബിഹാറിൽ രണ്ട് പതിറ്റാണ്ടിലേറെ അടക്കിവാണ നിതീഷ് കുമാറിന്റെ വാഴ്ചക്കാണ് ഇതോടെ അന്ത്യമാകുന്നത്.
 

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. പട്നയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ബിഹാറിൽ രണ്ട് പതിറ്റാണ്ടിലേറെ അടക്കിവാണ നിതീഷ് കുമാറിന്റെ വാഴ്ചക്കാണ് ഇതോടെ അന്ത്യമാകുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഒരു ബി.ജെ.പി മുഖ്യമന്ത്രിക്കും കളമൊരുങ്ങി. മാർച്ച് ഒന്നിന് 75 വയസ്സ് പൂർത്തിയാക്കിയ ജനതാദൾ-യുവിന്റെ പരമോന്നത നേതാവിനെ രാജ്യസഭയിലേക്ക് എത്തിച്ചും മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയുമാണ് ബി.ജെ.പിയുടെ നിർണായക ഡീലെന്നാണ് വിവരം. ബി.ജെ.പിയുമായി വളരെ അടുത്ത ബന്ധമുള്ള ജനതാദൾ-യു വർക്കിങ് പ്രസിഡന്റും രാജ്യസഭാ എം.പിയുമായ സഞ്ജയ് ഝായെ മുന്നിലിറക്കിയാണ് നിതീഷിനെക്കൊണ്ട് രാജിക്ക് സമ്മതിപ്പിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനും ബിഹാറിൽനിന്ന് പത്രിക സമർപ്പിച്ചിട്ടുണ്ട്. നാലു മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നിതീഷിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ബി.ജെ.പി മഹാരാഷ്ട്രയിൽ ചെയ്തതാണ് ഇപ്പോൾ ബിഹാറിലും നടപ്പാക്കുന്നതെന്ന് ആർ.ജെ.ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. മാർച്ച് 16ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പോടെ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവെച്ച് പുതിയ മുഖ്യമന്ത്രിക്ക് കീഴിൽ ബി.ജെ.പി നയിക്കുന്ന സർക്കാറിനെ പിന്തുണക്കും.