പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വിജയത്തെ അഭിനന്ദിച്ച് നിർമല സീതാരാമൻ
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വിജയത്തെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. `മാ, മാതി, മാനുഷ്' എന്നീ ആശയങ്ങളെ വഞ്ചിച്ച തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) അടിച്ചമർത്തിയുള്ള ഭരണത്തിന് ജനങ്ങൾ അന്ത‍്യം കുറിച്ചുവെന്നും മന്ത്രി അറിയിച്ചു.
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വിജയത്തെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. `മാ, മാതി, മാനുഷ്' എന്നീ ആശയങ്ങളെ വഞ്ചിച്ച തൃണമൂൽ കോൺഗ്രസിന്റെ (ടി.എം.സി) അടിച്ചമർത്തിയുള്ള ഭരണത്തിന് ജനങ്ങൾ അന്ത‍്യം കുറിച്ചുവെന്നും മന്ത്രി അറിയിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിർമല സീതാരാമൻ തന്റെ പ്രതികരണം അറിയിച്ചത്. പ്രതീക്ഷയോടും ധൈര്യത്തോടും തങ്ങളെ നയിക്കാൻ ബി.ജെ.പിയെ തെരെഞ്ഞെടുത്ത പശ്ചിമ ബംഗാളിലെ ജനങ്ങളോട് അഗാധമായ കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നാണ് എക്സിൽ കുറിച്ചത്. ബി.ജെ.പിയുടെ ഈ ചരിത്ര വിജയം പാർട്ടി പ്രവർത്തകരുടെ സ്വാർഥതയില്ലാത്ത പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണെന്ന് അവർ വിശേഷിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്നാണ് ധനമന്ത്രിയുടെ പ്രത്യാശ. ബംഗാളിലെ പ്രധാനലഘുഭക്ഷണമായ 'ഝൽമുറി'യുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി വിജയത്തിൻറെ സന്തോഷം പങ്കുവെച്ചത്. തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഗ്രാമിലെ ഒരു ഝൽമുറി കട സന്ദർശിച്ചതും പോസ്റ്റിലൂടെ മന്ത്രി ഓർമിപ്പിച്ചു.15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 200ലധികം സീറ്റുകളിൽ മുന്നേറിയ ബി.ജെ.പി പശ്ചിമ ബംഗാളിൽ ആദ്യമായി അധികാരത്തിലേറാൻ ഒരുങ്ങുകയാണ്.