ദില്ലിയിലും മുംബൈയിലും തന്ത്രപ്രധാനമേഖലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേര്‍ പിടിയില്‍ ; അതിര്‍ത്തി വഴി എത്തിച്ച ആയുധങ്ങള്‍ കണ്ടെടുത്തു


വിജയ് ഷൂട്ടര്‍ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പൊലീസ് എത്തിയത്.

 

കണ്ടെത്തിയസ്‌ഫോടകവസ്തുക്കള്‍ എന്‍എസ്ജിയുടെ സഹായത്തോടെ നിര്‍വീര്യമാക്കി

ദില്ലിയിലും മുംബൈയിലും തന്ത്രപ്രധാനമേഖലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേരെ പിടികൂടി ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്‍. പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തിച്ച നേപ്പാളി പൗരന്‍ അടക്കമുള്ളവരെയാണ് പിടികൂടിയത്.


വിജയ് ഷൂട്ടര്‍ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പൊലീസ് എത്തിയത്.ഇയാളെ ചോദ്യം ചെയ്തതതോടെയാണ് ഐഎസ്‌ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘം തന്ത്രപ്രധാനമേഖലകളെയും സൈനിക ഉദ്യോഗസ്ഥരെയും അടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. വിവിധസംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തിലേക്ക് പൊലീസ് അന്വേഷണം നീണ്ടു. സംഘത്തിലുള്ള നൗകീന്‍ ഷെയ്ഖ്, അബ്ബാസ് ഖാന്‍ എന്നിവരെ മുംബൈയില്‍നിന്ന് പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍വീന്ദര്‍ സിങ്ങ്, മന്‍ജീത് സിങ്ങ്,ഗഗന്‍ദീപ് സിങ്ങ് എന്നിവരിലേക്ക് സെപ്ഷ്യല്‍ സെല്‍ എത്തിയത്, പൊലീസിനെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവില്‍ ദില്ലിയിലെ ഛത്രപൂരില്‍ നിന്ന് പിടികൂടി.ഇവരുടെ കൂട്ടാളി കാമി ലാമാ എന്ന നേപ്പാള്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഹാന്‍ഡ് ഗ്രനേഡുകളും തോക്കുകളും അടക്കം ആയുധങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.പാക് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഗ്രേനേഡ് അടക്കമാണ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് എത്തിച്ച ആയുധങ്ങളാണ് ഭീകരരുടെ കൈവശമുണ്ടായിരുന്നത്.
കണ്ടെത്തിയസ്‌ഫോടകവസ്തുക്കള്‍ എന്‍എസ്ജിയുടെ സഹായത്തോടെ നിര്‍വീര്യമാക്കി. അന്വേഷണത്തില്‍ മുന്നാ ജിന്‍ദ്രാന്‍വാല എന്ന അധോലോക നേതാവിനും നീക്കത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി.പാക് ചാര സംഘടനായ ഐഎസ്‌ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച് സ്‌ഫോടനങ്ങള്‍ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു.