സ്‌കൂൾ അസംബ്ലിയിൽ 10 മിനിറ്റ് പത്രവായന: പുതിയ മാർഗനിർദേശവുമായി യുപി സർക്കാർ

കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കാനൊരുങ്ങി യുപി സർക്കാർ.  കുട്ടികളുടെ മൊബൈൽ ഫോണിലടക്കം ചെലവഴിക്കുന്ന സ്‌ക്രീൻ സമയം കുറയ്ക്കുക, വിമർശനാത്മകവും വിവേകപൂർണവുമായ ചിന്താശേഷി വർധിപ്പിക്കുക എന്നീകാര്യങ്ങൾ കൂടി ലക്ഷ്യമിട്ടാണ് പത്രവായന പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
 

ലഖ്നൗ: കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂളുകളിൽ പത്രവായന നിർബന്ധമാക്കാനൊരുങ്ങി യുപി സർക്കാർ.  കുട്ടികളുടെ മൊബൈൽ ഫോണിലടക്കം ചെലവഴിക്കുന്ന സ്‌ക്രീൻ സമയം കുറയ്ക്കുക, വിമർശനാത്മകവും വിവേകപൂർണവുമായ ചിന്താശേഷി വർധിപ്പിക്കുക എന്നീകാര്യങ്ങൾ കൂടി ലക്ഷ്യമിട്ടാണ് പത്രവായന പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അഡീഷണൽ ചീഫ് സെക്രട്ടറി പാർത്ഥസാർഥി സെൻ ശർമ പുറപ്പെടുവിച്ച അറിയിപ്പിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സ്‌കൂളുകളിലെ ദൈനംദിന വായനാശീലത്തിൽ ഉൾപ്പെടുത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്. നവംബറിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയാണിത്. കുട്ടികളുടെ സ്‌ക്രീൻ സമയം വർധിക്കുന്നത്‌ കുറച്ച് പത്രവായനയിലൂടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കൂളികളിൽ രാവിലെ നടക്കുന്ന അസംബ്ലിയിൽ പത്ത് മിനിറ്റ് വായനയ്ക്കായി മാറ്റിവെക്കും. ഓരോദിവസവും പത്രത്തിൽ വരുന്ന ദേശീയ, അന്തർദേശീയ, സ്‌പോർട്‌സ് വാർത്തകൾ കുട്ടികൾ അവതരിപ്പിക്കും. ഓരോ ദിവസവും കുട്ടികളുടെ ക്രമം മാറി വരും. നിലവിൽ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ് സ്‌കൂളുകളിലും നടപ്പാക്കാനാണ് നിർദേശിക്കുന്നതെങ്കിലും നല്ലതാണെന്ന് മനസിലാക്കിയാൽ മറ്റുള്ളവർക്കും പിന്തുടരാം എന്ന് പറയുന്നുണ്ട്.

വായനാശീലവും ഏകാഗ്രതയും വർധിപ്പിക്കുന്നത് മാത്രമല്ല പത്രവായനകൊണ്ട് കുട്ടികൾക്ക് ലഭിക്കുക. പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം, മത്സരപരീക്ഷകളിലെ മികച്ച പ്രകടനം, പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്തുക എന്നിങ്ങനെ പലകാര്യങ്ങൾക്കും പത്രവായന ശീലമാക്കുന്നത് നല്ലതാണ്. പത്രത്തിൽ വരുന്ന വ്യത്യസ്തമായ കാഴ്ചപാടുകൾ വായിച്ചറിയുന്നത് കുട്ടികളെ വിമർശനാത്മകമായി ചിന്തിക്കാൻ പ്രേരിപ്പിക്കും. ഇത് ശരിയും തെറ്റും തിരിച്ചറിയാനുള്ള അവരുടെ കഴിവിനെ പരിപോഷിപ്പിക്കും. വ്യാജ വാർത്തകളുടെ കാലഘട്ടത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുവാനും ഇതിലൂടെ സഹായിക്കുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

സ്ഥിരമായ പത്രവായന കൂടാതെ മാസത്തിലൊരിക്കൽ സ്‌കൂളുകളിൽ ആ മാസത്തെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി പത്രം അല്ലെങ്കിൽ മാസിക നിർമിക്കാനും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ആഴ്ചയിലൊരിക്കൽ ഒമ്പത് മുതൽ പ്ലസ്ടു ക്ലാസ് വരെയുള്ള കുട്ടികൾ പ്രധാനപ്പെട്ട ഒരു എഡിറ്റോറിയൽ വിഷയത്തെ അടിസ്ഥാനമാക്കി അവരുടെ കാഴ്ചപ്പാടുകൾ എഴുതുകയും ചർച്ചകളിൽ ഏർപ്പെടുകയും വേണം. ചെറിയ ക്ലാസിലെ കുട്ടികൾ പത്രങ്ങളിൽ വരുന്ന ശാസ്ത്ര, പരിസ്ഥിതി, സ്‌പോർട്‌സ് സംബന്ധമായ പ്രത്യേക വാർത്തകളുടെ ശേഖരണം ഉണ്ടാക്കുകയും വേണം.