നവജാത ശിശുക്കൾക്ക് 15 ലക്ഷം ; ഹൈദരാബാദിൽ വൻ അന്തർസംസ്ഥാന ശിശുവിൽപ്പന റാക്കറ്റ് പിടിയിൽ
നവജാത ശിശുക്കളെ ലക്ഷങ്ങൾ വാങ്ങി വിൽപന നടത്തുന്ന വൻ അന്തർസംസ്ഥാന റാക്കറ്റിനെ തെലങ്കാന പൊലീസ് പിടികൂടി. സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം (SOT) നടത്തിയ നീക്കത്തിലാണ് 12 അംഗ സംഘം വലയിലായത്.
ഹൈദരാബാദ്: നവജാത ശിശുക്കളെ ലക്ഷങ്ങൾ വാങ്ങി വിൽപന നടത്തുന്ന വൻ അന്തർസംസ്ഥാന റാക്കറ്റിനെ തെലങ്കാന പൊലീസ് പിടികൂടി. സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം (SOT) നടത്തിയ നീക്കത്തിലാണ് 12 അംഗ സംഘം വലയിലായത്. ദിവസങ്ങൾ മാത്രം പ്രായമുള്ള 15 കുഞ്ഞുങ്ങളെ ഇതിനോടകം സംഘം വിറ്റഴിച്ചതായാണ് പ്രാഥമിക വിവരം. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്കാണ് സംഘം വിറ്റിരുന്നത്. കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെ ലക്ഷ്യമിട്ട് നടത്തിയ ഈ ഇടപാടുകൾക്കായി ‘ദത്തെടുക്കൽ’ നിയമപരമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ രേഖകളും ഇവർ നിർമ്മിച്ചു നൽകിയിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ഹൈദരാബാദ് കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതാണ് സംഘത്തിന്റെ രീതി. അറസ്റ്റിലായവർക്കെതിരെ മുൻപും വിവിധ സംസ്ഥാനങ്ങളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് മാധാപൂർ ഡിസിപി റിതിരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. എട്ടോളം ആശുപത്രികളിലെ ജീവനക്കാരുമായും വിവിധ ഇടനിലക്കാരുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് നവജാത ശിശുക്കളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ നിലവിൽ സർക്കാർ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദ് മേഖലയിൽ മാത്രം ഈ സംഘം ഇതിനോടകം വലിയ തോതിൽ വിൽപന നടത്തിയിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കുഞ്ഞുങ്ങളെ വാങ്ങിയ ദമ്പതികളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.