ഗ്യാനേഷ് കുമാറിനെതിരായ പുതിയ പ്രമേയം ചട്ടങ്ങള്‍ പാലിച്ച് പരിശോധിക്കും: ലോക്സഭാ സ്പീക്കര്‍

12-ാമത് ബ്രിക്‌സ് പാര്‍ലമെന്ററി ഫോറത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിര്‍ദ്ദിഷ്ട നടപടിക്രമങ്ങളില്‍ മാറ്റമൊന്നുമില്ലാതെ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പുതിയ പ്രമേയം കൊണ്ടുവന്നാല്‍ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങളില്‍ മാറ്റമൊന്നുമില്ലാതെ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. 12-ാമത് ബ്രിക്‌സ് പാര്‍ലമെന്ററി ഫോറത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


'സുപ്രീം കോടതി ജഡ്ജിമാരുടെ ഇംപീച്ച്മെന്റിന് വ്യക്തമായ പ്രക്രിയയുള്ളതുപോലെ സി.ഇ.സിയെ നീക്കം ചെയ്യുന്നതിനും ഭരണഘടനയില്‍ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങളുണ്ട്. പ്രതിപക്ഷം പ്രമേയം സമര്‍പ്പിച്ചാല്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കും,' ഓം ബിര്‍ള വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പ്രതിരോധം നല്‍കുന്ന 2023-ലെ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും സമീപിച്ചിട്ടുണ്ട്. മുന്‍പ് പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തള്ളിയിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച രണ്ടാമത്തെ നോട്ടിസ് നിലവില്‍ സ്പീക്കറുടെ പരിഗണനയിലാണ്.