ബഹിരാകാശ രംഗത്ത് പുതുചരിത്രം: സ്വകാര്യ മേഖല നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു
ഇന്ത്യയുടെ ബഹിരാകാശ ദൗത്യരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുകൊണ്ട്, പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി (PSLV-N1) റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. 2027-ന്റെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ) റോക്കറ്റിന്റെ കന്നി വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ദൗത്യരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ടുകൊണ്ട്, പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി (PSLV-N1) റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു. 2027-ന്റെ ആദ്യ പാദത്തിൽ (ജനുവരി-മാർച്ച് മാസങ്ങൾക്കിടയിൽ) റോക്കറ്റിന്റെ കന്നി വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.
ഡൽഹിയിൽ നടന്ന അഞ്ചാമത് ഇന്ത്യ ഇന്റർനാഷണൽ സ്പേസ് കോൺക്ലേവിനിടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ലാർസൻ ആൻഡ് ടൂബ്രോ (L&T) എന്നീ കമ്പനികൾ ചേർന്ന കൺസോർഷ്യമാണ് റോക്കറ്റ് നിർമ്മിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) 2022 സെപ്റ്റംബറിലാണ് അഞ്ച് പി.എസ്.എൽ.വി റോക്കറ്റുകളുടെ നിർമ്മാണത്തിനായി ഈ കൺസോർഷ്യവുമായി 860 കോടി രൂപയുടെ കരാറിലേർപ്പെട്ടത്. നേരത്തെ 2026-ൽ ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം, സാങ്കേതിക പരിശോധനകളും മറ്റും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് 2027 ആദ്യ പാദത്തിലേക്ക് നിശ്ചയിച്ചത്.
ഇതുവരെ റോക്കറ്റുകളുടെ വിവിധ ഭാഗങ്ങൾ നിർമ്മിച്ച് ഐ.എസ്.ആർ.ഒയ്ക്ക് കൈമാറുക മാത്രമായിരുന്നു സ്വകാര്യ കമ്പനികൾ ചെയ്തിരുന്നത്. എന്നാൽ ആദ്യമായാണ് ഒരു വ്യവസായ കൂട്ടായ്മയ്ക്ക് പൂർണ്ണമായൊരു വിക്ഷേപണ വാഹനം നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തം ലഭിക്കുന്നത്. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനും ആഗോള വാണിജ്യ ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്താനും ഈ നീക്കം സഹായിക്കും. ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിർണ്ണയം തുടങ്ങിയ മേഖലകളിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ ഐ.എസ്.ആർ.ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം അവസാന ഘട്ടത്തിലാണെന്നും റോക്കറ്റിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം പൂർത്തിയായി വരികയാണെന്നും വി. നാരായണൻ വ്യക്തമാക്കി. നിലവിൽ ഇന്ത്യയ്ക്ക് ബഹിരാകാശത്ത് 56 ഉപഗ്രഹങ്ങളാണുള്ളത്. കൂടുതൽ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും വിക്ഷേപിക്കാനും സർക്കാർ മേഖലയ്ക്ക് മാത്രം സാധിക്കില്ലെന്നും സ്വകാര്യ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ നിലവിൽ 440-ലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഈ മുന്നേറ്റം കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.