മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ
മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. . സത്‌ന ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ എലികൾ സ്വൈര്യവിഹാരം നടത്തുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജബൽപൂരിലെ വിക്ടോറിയ ആശുപത്രിയിൽ രോഗികളുടെ കിടക്കകൾക്ക് മുകളിലൂടെ എലികൾ ഓടുന്ന വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെയാണ് സത്‌നയിൽ നിന്നും സമാനമായ വാർത്ത പുറത്തുവരുന്നത്.
സത്‌ന ജില്ലാ ആശുപത്രിയിലെ അതീവ ജാഗ്രത വേണ്ട എസ്.എൻ.സി.യു (SNCU) വാർഡിനുള്ളിൽ എലികൾ ഓടിനടക്കുന്ന വീഡിയോ അത്യന്തം ആശങ്കപ്പെടുത്തുന്നതാണ്. കുഞ്ഞുങ്ങളുടെ സുരക്ഷയെയും ആശുപത്രിയിലെ ശുചിത്വത്തെയും കുറിച്ച് വലിയ ആശങ്കയാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇൻഡോറിലെ എം.വൈ ആശുപത്രിയിൽ എലിയുടെ കടിയേറ്റ് രണ്ട് നവജാതശിശുക്കൾ മരിച്ച സംഭവം വലിയ വിവാദമായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ, എലികൾ, ആശുപത്രി ഉപകരണങ്ങൾക്കിടയിലൂടെ സ്വതന്ത്രമായി ഓടുന്നത് കാണാം. ഒരു എലി കമ്പ്യൂട്ടർ മോണിറ്ററിന് താഴെ നിന്ന് എന്തോ കഴിക്കുന്നതും വീഡിയോയിലുണ്ട്. നവജാതശിശുക്കൾക്ക് അണുബാധ ഏൽക്കാതിരിക്കാൻ ഏറ്റവും കൂടുതൽ ശുചിത്വം പാലിക്കേണ്ട ഇടമാണ് എസ്.എൻ.സി.യു. അവിടെ എലികളെ കണ്ടത് ആശുപത്രി ഭരണകൂടത്തിന്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. എലികൾ കുഞ്ഞുങ്ങളെ കടിക്കാനോ മാരകമായ രോഗങ്ങൾ പടർത്താനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.
സംഭവം പുറത്തുവന്നതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സർക്കാർ ആശുപത്രികളിൽ മനുഷ്യരേക്കാൾ കൂടുതൽ എലികളാണെന്നും, നേതാക്കളോ ഉദ്യോഗസ്ഥരോ തങ്ങളുടെ കുഞ്ഞുങ്ങളെ ഇത്തരം വാർഡുകളിൽ ചികിത്സിക്കുമോ എന്നും പ്രതിപക്ഷം ചോദിച്ചു. വീഡിയോ വൈറലായതോടെ സത്‌ന ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രികളിലെ ശുചീകരണ കരാർ എടുത്ത കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.