ബിജെപിയെ പരാജയപ്പെടുത്താന്‍ സമാജ്വാദി പാര്‍ട്ടിയോ കോണ്‍ഗ്രസോ താത്പര്യം കാണിക്കുന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ബിജെപിയെ തടയുന്നതിനായി വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തങ്ങള്‍ എല്ലാ പ്രമുഖ പാര്‍ട്ടികളെയും ഔദ്യോഗികമായി സമീപിച്ചിരുന്നുവെന്ന് ആസാദ് വ്യക്തമാക്കി.

 

സഖ്യത്തിലേക്ക് കടന്നുവരാന്‍ ഇരു പാര്‍ട്ടികള്‍ക്കും വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സമാജ്വാദി പാര്‍ട്ടിയോ (എസ്പി) കോണ്‍ഗ്രസോ താത്പര്യം കാണിക്കുന്നില്ലെന്ന വിമര്‍ശനവുമായി ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനും നഗിന എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കൊപ്പം രൂപീകരിച്ച സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച സഖ്യത്തിലേക്ക് കടന്നുവരാന്‍ ഇരു പാര്‍ട്ടികള്‍ക്കും വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.

ബിജെപിയെ തടയുന്നതിനായി വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തങ്ങള്‍ എല്ലാ പ്രമുഖ പാര്‍ട്ടികളെയും ഔദ്യോഗികമായി സമീപിച്ചിരുന്നുവെന്ന് ആസാദ് വ്യക്തമാക്കി. 2017, 2022 തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി, ബിജെപിയുടെ വോട്ട് വിഹിതത്തെ മറികടക്കാന്‍ കൂടുതല്‍ വോട്ട് വിഹിതമുള്ള വലിയൊരു സഖ്യം ആവശ്യമായിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതില്‍ താത്പര്യമില്ലാത്തതിനാലാണ് പുതിയ സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2017, 2019, 2024 തെരഞ്ഞെടുപ്പുകളിലും എസ്പിയും കോണ്‍ഗ്രസും ബിജെപിയെ തോല്‍പ്പിക്കാന്‍ ഗൗരവത്തോടെ നിലകൊണ്ടില്ലെന്നും, പാവപ്പെട്ടവര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഈ നേതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ലെന്നും ആസാദ് ആരോപിച്ചു.