നീറ്റ്-യു.ജി 2024 ചോദ്യപേപ്പർ ചോർച്ച കേസ് ; മുഖ്യ പ്രതി സഞ്ജീവ് മുഖി അറസ്റ്റിൽ
2024 ലെ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബിഹാർ എക്കണോമിക് ഒഫൻസ് യൂനിറ്റ്. ബിഹാർ ഇ.ഒ.യു അഡീഷനൽ ഡയറക്ടർ ജനറൽ നയ്യാർ ഹുസൈൻ ഖാൻ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ന്യൂഡൽഹി: 2024 ലെ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യ പ്രതിയായ സഞ്ജീവ് മുഖിയയെ അറസ്റ്റ് ചെയ്ത് ബിഹാർ എക്കണോമിക് ഒഫൻസ് യൂനിറ്റ്. ബിഹാർ ഇ.ഒ.യു അഡീഷനൽ ഡയറക്ടർ ജനറൽ നയ്യാർ ഹുസൈൻ ഖാൻ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏപ്രിൽ ഒമ്പതിന് മുഖിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് ബിഹാർ പൊലീസ് മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രധാന പരീക്ഷാ തട്ടിപ്പുകൾ, കോൺസ്റ്റബിൾ നിയമന അഴിമതി, അധ്യാപക നിയമന അഴിമതി, തീർപ്പാക്കാത്ത മറ്റ് ക്രിമിനൽ കേസുകൾ എന്നിങ്ങനെ നിരവധി കേസുകൾ സഞ്ജീവിനെതിരെയുണ്ട്. വിവരം നൽകുന്നവരുടെ ഐഡൻററ്റി രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പു നൽകി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നീറ്റ് പേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2024 മെയ് അഞ്ചിന് ഹസാരിബാഗിലെ നീറ്റ് പരീക്ഷ കേന്ദ്രമായ ഒയാസിസ് സ്കൂളിലെ കൺട്രോൾ റൂമിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നത്. ഫോറൻസിക് പരിശോധനയിലൂടെയാണ് ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചത്.
ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ അഹ്‌സാനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരുടെ അറിവോടെയാണ് പ്രതിയായ പങ്കജ് കുമാർ ചോദ്യപേപ്പറുകളുടെ ചിത്രം പകർത്തുകയും മുൻകൂട്ടി പണം നൽകിയ വിദ്യാർഥികൾക്ക് അവ നൽകുകയും ചെയ്തതെന്നും സി.ബി.ഐ വ്യക്തമാക്കി.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദം പുറത്തുവന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് എക്കണോമിക് ഒഫൻസ് യൂനിറ്റിന് കൈമാറുകയും പിന്നീട് 2024 ജൂൺ 23 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറുകയും ചെയ്തു. കേസിലെ സി.ബി.ഐയുടെ എഫ്.ഐ.ആറിൽ മുഖിയ, ആയുഷ് രാജ്, റോക്കി, അമിത് ആനന്ദ്, നിതീഷ് കുമാർ, ബിട്ടു, അഖിലേഷ്, സിക്കന്ദർ യാദവേന്ദു എന്നിവരുൾപ്പെടെ എട്ട് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.