നീറ്റ് പ്രക്ഷോഭം : എഫ്.ഐ.ആറുകൾ റദ്ദാക്കിയത് പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പ്രതിഷേധത്തിൽ എഫ്.ഐ.ആറുകൾ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച പ്രതിഷേധത്തിൽ എഫ്.ഐ.ആറുകൾ റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ആ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കുറ്റാന്വേഷണം നടത്താനുള്ള പൊലീസിന്റെ അധികാരത്തിൽ കോടതി ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി മുംബൈ സ്വദേശിയായ എൽ. രാമനാഥൻ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിദ്യാർഥികൾക്ക് ദീർഘകാല ഭാവി ഉണ്ടെന്നും കോടതി നടപടികളിൽ അവർ കുടുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, എല്ലാ സാഹചര്യത്തിലും ആർട്ടിക്കിൾ 142 ഉപയോഗിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പ്രക്ഷോഭകാരികൾക്കെതിരെയുള്ള കേസുകൾ മാത്രമാണ് റദ്ദാക്കിയതെന്നും എന്നാൽ, കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
നീറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും റദ്ദാക്കി സെപ്റ്റംബർ ഒന്നിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരെ പുതിയ എഫ്.ഐ.ആറുമായി മുന്നോട്ട് പോകാമെന്നും അനുമതി നൽകി.