നീറ്റ് ചോദ്യപേപ്പർ ചോർച്ച ; നിർണായക വിവരങ്ങൾ കണ്ടെത്തി സിബിഐ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക വിവരങ്ങൾ കണ്ടെത്തി സിബിഐ. ചോദ്യങ്ങൾ തയ്യാറാക്കിയ വിഷയവിദഗ്ധർ തന്നെയാണ് ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മൂന്ന് വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ നൽകിയ പേപ്പറിൽ എഴുതിയെടുത്തും മറ്റ് രണ്ടുപേർ ചോദ്യങ്ങൾ ഓർത്തുവെച്ച് കുറിപ്പുകളാക്കിയുമാണ് ചോർത്തിയത്. ചോദ്യങ്ങൾ തയ്യാറാക്കിയവർക്ക് മതിയായ സിസിടിവി നിരീക്ഷണമോ പുറത്തുപോകുമ്പോൾ ദേഹപരിശോധനയോ ഉണ്ടായിരുന്നില്ലെന്ന വലിയ സുരക്ഷാ വീഴ്ചയും സിബിഐ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ചോദ്യപേപ്പർ ചോർച്ചയും ഒഎംആർ ക്രമക്കേടുകളും ഒഴിവാക്കാൻ നീറ്റ്-യുജി പരീക്ഷകളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഒഎംആർ രീതിക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത (സിബിടി) പരീക്ഷാരീതി നടപ്പിലാക്കാനും ജെഇഇ മാതൃകയിൽ പരീക്ഷ വർഷത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്താനുമാണ് ആലോചിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 100-ലധികം ശുപാർശകൾ അടങ്ങിയ ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.