'നാഷണൽ ക്രഷ്' മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പ് എന്ന നിലയിൽ രാജ്യശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാവുകയും ചെയ്ത മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ തിളക്കമാർന്ന സൈനിക സേവനത്തിന് ശേഷമാണ് മുപ്പതുകാരനായ റിഷഭ് സാംബ്യാൽ അപ്രതീക്ഷിതമായി സൈന്യത്തോട് വിടപറഞ്ഞത്.
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പ് എന്ന നിലയിൽ രാജ്യശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാവുകയും ചെയ്ത മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ തിളക്കമാർന്ന സൈനിക സേവനത്തിന് ശേഷമാണ് മുപ്പതുകാരനായ റിഷഭ് സാംബ്യാൽ അപ്രതീക്ഷിതമായി സൈന്യത്തോട് വിടപറഞ്ഞത്. ചില കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ജീവിതത്തിലെ ഏറ്റവും കഠിനവും വേദനാജനകവുമായ തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും യൂണിഫോമും സൈനിക ദിനചര്യകളും ഇതിനകം തന്നെ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ യുവാക്കൾക്ക് പ്രചോദനമേകുന്ന പ്രവർത്തനങ്ങളിലും രാജ്യപുരോഗതിക്കായുള്ള പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും രാഷ്ട്രപതിക്ക് ഒപ്പം നിന്നതോടെയാണ് റിഷഭ് സാംബ്യാൽ സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതി നേടിയത്. ഒരു ചടങ്ങിനിടെ രാഷ്ട്രപതി വികാരാധീനയായപ്പോൾ കൈലേസ് നൽകിയതും, മഴയത്ത് കുടപിടിച്ചതും, രാഷ്ട്രപതിയുടെ കൊച്ചുമകളോട് സ്നേഹത്തോടെ സംസാരിച്ചതും അടക്കമുള്ള ഹൃദ്യമായ നിമിഷങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായിരുന്നു. റിപ്പബ്ലിക് ദിന പരേഡുകളിലടക്കം രാഷ്ട്രപതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ നെറ്റിസൺസ് അദ്ദേഹത്തെ 'നാഷണൽ ക്രഷ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാലാവധി പൂർത്തിയായതിന് പിന്നാലെ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.