വനിത കളക്ടര്‍ക്ക് അശ്ലീല സന്ദേശ ആരോപണം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ടിവികെ എംഎല്‍എയ്ക്കെതിരെ കളക്ടര്‍ മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണം

 

ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

തമിഴ്നാട്ടില്‍ വനിതാ ജില്ലാ കളക്ടര്‍ക്ക് ഭരണകക്ഷിയായ ടിവികെ എംഎല്‍എ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തില്‍ കടുത്ത നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍, വിശദമായ അന്വേഷണം നടത്താന്‍ തമിഴ്നാട് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ടിവികെ എംഎല്‍എയ്ക്കെതിരെ കളക്ടര്‍ മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണം. കൂടാതെ, പരാതിക്ക് ആധാരമായ സന്ദേശങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.

വിഷയത്തില്‍ കളക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തതായി ഡിഐജി പറഞ്ഞെന്ന തരത്തില്‍ ഒരു പ്രമുഖ പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. വിവാദങ്ങള്‍ ശക്തമായതോടെ കലക്ടറേറ്റില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലേക്ക് കളക്ടര്‍ ഇപ്പോള്‍ മാധ്യമങ്ങളെ ക്ഷണിക്കാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.