ബിഹാർ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന റിമോട്ട് ക​ൺ​ട്രോൾ നരേന്ദ്ര മോദിയുടെ കൈകളിൽ : രാഹുൽ ഗാന്ധി 

 

ബിഹാർ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന റിമോട്ട് ക​ൺ​ട്രോൾ നരേന്ദ്ര മോദിയുടെ കൈകളിൽ : രാഹുൽ ഗാന്ധി നളന്ദ: ബിഹാർ മുഖ്യമന്ത്രി നിതീഷനെ നിയന്ത്രിക്കുന്ന റിമോട്ട് ക​ൺ​ട്രോൾ നരേന്ദ്ര മോദിയുടെ കൈകളിലാണുളളതെന്നും മോദി ബട്ടൺ അമർത്തിയാൽ നിതീഷ് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിആവർത്തിച്ചു. സർക്കാറിനെ ഭരിക്കുന്നത് നിതീഷ്‍കുമാറല്ല. മോദിയും അമിത് ഷായും നാഗ്പൂരുമാണ് ഭരിക്കുന്നത്. നളന്ദയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ചോദ്യ പേപ്പർ ചോർച്ച വിഷയം ഉന്നയിച്ച രാഹുൽ ഗാന്ധി, ഇത് ബിഹാറിലെ സത്യസന്ധരും കഠിനാധ്വാനികളുമായ യുവാക്കളെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. രാജ്യത്തിനായി തൊഴിലാളികളെ മാത്രം ഉൽപാദിപ്പിക്കുന്നവരാകാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അത്തരമൊരു ബീഹാർ ഞങ്ങൾക്ക് വേണ്ട. മുമ്പത്തെ പോലെ ലോകമെമ്പാടുമുള്ള ആളുകൾ വിദ്യാഭ്യാസത്തിനായി ബിഹാറിലേക്ക് വന്ന വിശ്വവിദ്യാലയമായ നളന്ദ സർവകലാശാലയുടെ ബിഹാർ ഞങ്ങൾക്ക് വേണം എന്ന് അദ്ദേഹം പറഞ്ഞു.

ഫോണുകളുടെ പിന്നിൽ മെയ്ഡ് ഇൻ ബിഹാർ എന്നും മെയ്ഡ് ഇൻ നളന്ദ എന്നും എഴുതിയിരിക്കുന്ന ഒരു ദിവസം വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ചൈനയിലെ യുവാക്കൾ മെയ്ഡ് ഇൻ ബിഹാർ ഫോണുകളും ടീ-ഷർട്ടുകളും വാങ്ങണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ​കേന്ദ്രത്തിൽ ഇൻഡ്യ സർക്കാർ അധികാരത്തിലെത്തിയാൽ നളന്ദ സർവകലാശാലയെ വീണ്ടും വിശ്വവിദ്യാലയമാക്കിമാറ്റുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇവിടെ രണ്ട് ഇന്ത്യയുണ്ട്: ഒന്ന് അദാനി, അംബാനി, മോദി, മറ്റൊന്ന് നിങ്ങളുടെയും എന്റെയും ഇന്ത്യ. ഈ രണ്ടാമത്തെ ഇന്ത്യയിൽ നിങ്ങൾ എന്തു ചെയ്താലും നിങ്ങൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയില്ല, കാരണം പ്രധാനമന്ത്രി മോദി അദാനിയെയും അംബാനിയെയും പോലുള്ളവർ ബിഹാറിലെ ജനങ്ങൾക്ക് ചൈനീസ് ഉൽപന്നങ്ങൾ വിൽക്കണമെന്ന് ആഗ്രഹിക്കുന്നു." രാഹുൽ കൂട്ടിച്ചേർത്തു, "ആളുകൾ ബിഹാറിലെ ആശുപത്രികളിൽ പോകുന്നത് ജീവിക്കാനല്ല, മരിക്കാനാണ്. ഇതാണ് നിങ്ങളുടെ സർക്കാറിന്റെ സത്യം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ കുറവുക​ളെ കുറിച്ചും ജനങ്ങളുടെ ജീവന് ആശുപത്രികളിൽ ഒരുവിലയു​മില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.