പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ പരാമർശം നിരാശയുടെ ലക്ഷണം : ജയറാം രമേഷ്

 

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ദിമാഗി നക്സൽ’ (ബുദ്ധിജീവി നക്സലുകൾ) പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ കടുത്ത നിരാശയുടെയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് വ്യക്തമാക്കി.

രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി പുതിയ പരാമർശം ഉന്നയിച്ചത്. സായുധ നക്സലിസം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടെങ്കിലും, സമൂഹത്തിൽ അശാന്തിയും അക്രമവും സൃഷ്ടിക്കാൻ ‘ദിമാഗി നക്സലുകൾ’ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഇതിന് മറുപടിയായാണ് എക്സിലൂടെ ജയറാം രമേഷ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. മുമ്പ് രാഷ്ട്രീയ എതിരാളികളെ ‘അർബൻ നക്സലുകൾ’ എന്ന് ആക്ഷേപിച്ചിരുന്ന പ്രധാനമന്ത്രി ഇപ്പോൾ അവരെ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിക്കുന്നത് അദ്ദേഹത്തിന്റെ നിരാശയാണ് കാണിക്കുന്നതെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. ‘അർബൻ നക്സലുകൾ’ അല്ലെങ്കിൽ ‘ദിമാഗി നക്സലുകൾ’ എന്ന് വിളിക്കുന്നവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ തന്നെയാണ് പിന്നീട് പ്രധാനമന്ത്രിക്ക് നടപ്പിലാക്കേണ്ടി വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

80ാം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം നടത്തിയത്.

സായുധ നക്സലിസത്തെയും മാവോയിസ്റ്റ് അക്രമങ്ങളെയും പൂർണമായും തുടച്ചുനീക്കാൻ സാധിച്ചുവെന്നും എന്നാൽ ‘ദിമാഗി നക്സലുകൾ’ ഇപ്പോഴും സമൂഹത്തിൽഅവശേഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കാടിനുള്ളിലെ സായുധ നക്സലുകളെ ഇല്ലാതാക്കി വലിയ ഒരു പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ സർക്കാറിനായിട്ടുണ്ട്.

എന്നാൽ, ആയുധമേന്തിയവർ പോയെങ്കിലും അത്തരംആശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ‘ദിമാഗി നക്സലുകൾ’ തക്കം പാർത്തിരിക്കുകയാണ്. സ്ഥാപനങ്ങളെ സ്വാധീനിക്കാനും സമൂഹത്തിൽ അക്രമവും കലാപവും അസ്വസ്ഥതകളും വിതക്കാനും വികസന പാതയിൽ നിന്ന് ജനങ്ങളെ തെറ്റിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നുണ്ടെന്നുംപ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇത്തരക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.