‘അടിയന്താരാവസ്ഥയെ ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരായ നേരിട്ടുള്ള ആക്രമണം’ : പ്രധാനമന്ത്രി നരേന്ദ്രമോദി 

  അടിയന്താരാവസ്ഥയെ ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരായ നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണെന്നും മോദി പറഞ്ഞു. 1975ൽ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 51ാം വാർഷികമായ ‘സംവിധാൻ ഹത്യാ ദിവസി’നോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ​മോദിയുടെ പ്രതികരണം.

 

 ന്യൂഡൽഹി: അടിയന്താരാവസ്ഥയെ ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യത്തിനുമെതിരായ നേരിട്ടുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണെന്നും മോദി പറഞ്ഞു. 1975ൽ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 51ാം വാർഷികമായ ‘സംവിധാൻ ഹത്യാ ദിവസി’നോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു ​മോദിയുടെ പ്രതികരണം.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ തടഞ്ഞുവെക്കാനും മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടാനും രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും ജയിലിലടക്കുന്നതിനും അടിയന്താരാവസ്ഥ കാരണമായെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ​ മോദി അനുസ്മരിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥക്കെതിരെ പോരാടിയ എല്ലാവരെയും അനുസ്മരിക്കുന്നു. അടിയന്തരാവസ്ഥ നമ്മുടെ ഭരണഘടനക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായിരുന്നു. പൗരസ്വാതന്ത്ര്യം താൽക്കാലികമായി നിർത്തിവെക്കുന്നതിനും, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾക്കും, രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ അറസ്റ്റുകൾക്കും, ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണത്തിനും അത് സാക്ഷ്യം വഹിച്ചു. അതേസമയം, മൗനം പാലിക്കാൻ വിസമ്മതിക്കുകയും നമ്മുടെ ഭരണഘടനയിലെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത എണ്ണമറ്റ പൗരന്മാരുടെ അസാധാരണമായ ധൈര്യവും അത് വെളിപ്പെടുത്തി’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ കോൺഗ്രസിനെ​തിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേന്ദ്രസർക്കാർ 2024 മുതൽ ജൂൺ 25നെ ഔദ്യോഗികമായി ‘സംവിധാൻ ഹത്യാ ദിവസ്’ ആയി ആചരിക്കാൻ തീരുമാനിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അനുഭവങ്ങളും ജനാധിപത്യ സംരക്ഷണത്തിന്റെ പ്രാധാന്യവും പുതിയ തലമുറയെ ഓർമ്മിപ്പിക്കാനാണ് ഈ ദിനാചരണമെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം.