‘രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകണമെങ്കിൽ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കണം’ : നാരായണ മൂര്‍ത്തി
മുംബൈ: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകണമെങ്കിൽ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി.

മുംബൈ: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകണമെങ്കിൽ ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി.
മുംബൈയില്‍ വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘നിങ്ങള്‍ ഒരോരുത്തരും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളാണെന്ന് എനിക്കറിയാം. തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള്‍ ദാരിദ്ര്യത്തെ മറികടക്കുന്നത്.
ലോകത്തെവിടെയും ജനങ്ങള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായിട്ടില്ലെന്നും’ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് പലതും സൗജന്യമായി നല്‍കാറുണ്ട്. ഇതിനെതിരേയാണ് നാരായണ മൂര്‍ത്തി നിലപാട് അറിയിച്ചത്. ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്.
സൗജന്യമായി എന്തെങ്കിലും ലഭിക്കുന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ എന്തെങ്കിലും പ്രത്യുപകാരങ്ങളും ആവശ്യപ്പെടുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളും മറ്റും വോട്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെ അടുത്തിടെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
റേഷനും പണവും ഉള്‍പ്പെടെയുള്ള കാര്യങ്ങൾ സൗജന്യമായി ലഭിക്കുന്നത് കൊണ്ടുതന്നെ ആളുകള്‍ക്ക് ജോലിക്ക് പോകാന്‍ താത്പര്യമില്ലാതെ വരുന്നുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ഇത് ആളുകളെ മടിയന്‍മാരാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.