"തെലങ്കാനയിലെ നാൽസറിന്റെ ക്ഷണം സ്വീകരിച്ചിട്ടില്ല": ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള ക്ഷണം നിരസിച്ച് ചീഫ് ജസ്റ്റിസ്    

 

 ന്യൂഡൽഹി: തെലങ്കാനയിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നാൽസർ) യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള ക്ഷണം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്ത് നിരസിച്ചു. ചീഫ് ജസ്റ്റിസ് ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. പ്രതിഷേധവുമായി രംഗത്തെത്തിയ ബിരുദധാരികളെ എൻറോൾ ചെയ്യാൻ അനുവദിക്കരുതെന്ന് സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശം നൽകിയതോടെയാണ് വിവാദം രൂക്ഷമായത്. പ്രതിഷേധം ശക്തമായതോടെ ഉത്തരവ് ബി.സി.ഐ പിൻവലിച്ചിരുന്നു.

"നാൽസറിന്റെ ക്ഷണം താൻ സ്വീകരിച്ചിട്ടില്ല" എന്ന് ജസ്റ്റിസ് സൂര്യ കാന്ത് ജോധ്പൂരിൽ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. "ഞാൻ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല," എന്നും അദ്ദേഹം പറഞ്ഞു.ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകാൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും നാൽസർ സർവകലാശാല അറിയിച്ചിരുന്നു.

നാൽസറിലെ 400-ലധികം വിദ്യാർഥികളാണ് ബിരുദദാന ചടങ്ങിൽ സി.ജെ.ഐ സൂര്യ കാന്ത് മുഖ്യാതിഥിയാകുന്നതിനെ എതിർത്തത്. ജൂലൈ 20-ന് പാർലമെന്റിലേക്കുള്ള അവരുടെ മാർച്ചും തുടർന്നുണ്ടായ പോലീസ് അതിക്രമങ്ങളും സംബന്ധിച്ച ഹർജികളുടെ വാദത്തിനിടയിൽ സി.ജെ.ഐ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് അവരുടെ ആശങ്കകൾ.

തുടർന്ന്, നാൽസറിലെ 2026 ലെ ബിരുദധാരികളുടെ എൻറോൾമെന്റ് നിർത്തിവയ്ക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബി.സി.ഐ ഉത്തരവിട്ടതോടെ ആഗസ്റ്റ് 13-ന് വിവാദം കൂടുതൽ മൂർഛിച്ചു. ബിരുദധാരികളുടെ എൻറോൾമെന്റ് തടയാനുള്ള ബി.സി.ഐയുടെ തീരുമാനത്തെ സുപ്രീം കോടതി വിമർശിച്ചു. ബി.സി.ഐയുടെ നടപടിയെ 'അനാവശ്യം' എന്നായിരുന്നു ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വിശേഷിപ്പിച്ചത്. തുടർന്ന് കൗൺസിൽ ഈ നിയന്ത്രണം പിൻവലിക്കുകയും ബിരുദധാരികൾക്ക് എൻറോൾമെന്റുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തു. പിന്നീട് ബി.സി.ഐ അധ്യക്ഷൻ മനൻകുമാർ മിശ്ര നിയമ വിദ്യാർഥികൾക്ക് കത്തിലൂടെ മാപ്പ് പറഞ്ഞു.