മണിപ്പൂരിൽ ആറ് നാഗാ വംശജരുടെ കൊലപാതകം; കുക്കി ദമ്പതികൾ അറസ്റ്റിൽ

 

 ഗുഹാഹത്തി: മണിപ്പൂരിൽ ആറ് നാഗാ വംശജരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുക്കി ദമ്പതികൾ അറസ്റ്റിൽ. സംസ്ഥാന പോലീസ്, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) തുടങ്ങിയവയ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് വെള്ളിയാഴ്ച ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രദീപ്, അയിംഗ്ബി എന്നിവരാണ് പിടിയിലായത്. കൃത്യമായ ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് മണിപ്പൂർ പൊലീസ് എക്സിൽ കുറിച്ചു.

ജൂൺ പതിനൊന്നിനാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെന്ന സൂചനകൾക്ക് പിന്നാലെ കുക്കി സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാംഗ്‌പോക്പി ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്ന് സുരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. നാഗാ വിഭാഗത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന 14 കുക്കി തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരിനെ വീണ്ടും ആശങ്കയിലാഴ്ത്തി നാഗ അംഗങ്ങളുടെ കൊലപാതകം നടന്നത്.

കെൻപിബൗ ചവാങ്, മനു തിയുമൈ, ഫെൻറോങ്വിബോ തിയുമൈ, ദിലീപ് തിയുമൈ, കലിവാങ്ബൗ അബോൺമൈ, സി.എച്ച് ഫെൻരിലുങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ആദ്യത്തെ രണ്ടുപേർ പാസ്റ്റർമാരാണ്. പൊലീസും സി.ആർ.പി.എഫും അസം റൈഫിൾസും അടങ്ങുന്ന 450 അംഗ സംയുക്ത സംഘം നടത്തിയ 24 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.