ഗാസിയാബാദിലെ മൂന്ന് സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത ; പിതാവിന് രണ്ടു കോടിയുടെ കടമെന്ന് പൊലീസ്
ഓഹരി വിപണി വ്യാപാരത്തിലൂടെയാണ് ഗാസിയാബാദില്‍ ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ പിതാവ് ചേതന്‍ കുമാറിന് രണ്ടു കോടി രൂപയുടെ കടമുണ്ടായത്.
കൊറിയന്‍ ഗെയിം തന്നെയാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല.
യുപിയിലെ ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു സഹോദരിമാര്‍ ജീവനൊടുക്കിയതില്‍ ദുരൂഹത. പെണ്‍കുട്ടികളുടെ പിതാവിന് രണ്ടു കോടി രൂപയുടെ കടമുണ്ടെന്ന് പൊലീസ്. കൊറിയന്‍ ഗെയിം തന്നെയാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല.
ഓഹരി വിപണി വ്യാപാരത്തിലൂടെയാണ് ഗാസിയാബാദില്‍ ജീവനൊടുക്കിയ മൂന്ന് സഹോദരിമാരുടെ പിതാവ് ചേതന്‍ കുമാറിന് രണ്ടു കോടി രൂപയുടെ കടമുണ്ടായത്. കടബാധ്യതയുടെ പേരില്‍ കുടുംബം വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചേതന്‍ കുമാര്‍ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചത്. മരിച്ച ഒരാള്‍ ഒന്നാം ഭാര്യയിലുള്ള കുട്ടിയും മറ്റുരണ്ടുപേരും രണ്ടാം ഭാര്യയിലുള്ള കുട്ടികളുമാണ്. കോവിഡ് കാലം മുതല്‍ മൂന്ന് സഹോദരിമാരേയും പിതാവ് സ്‌കൂളില്‍ വിട്ടിരുന്നില്ല. ചേതന്‍ കുമാറിന്റെ മക്കളായ 16 കാരി നിഷിക, 14 കാരി പ്രാചി, 12 കാരി പഖി എന്നിവരാണ് മരിച്ചത്.
പെണ്‍കുട്ടികള്‍ കൊറിയന്‍ സീരിയസുകളുടെ കടുത്ത ആരാധകരായിരുന്നു. കൊറിയന്‍ ഭാഷയില്‍ സംസാരിച്ചിരുന്ന ഇവര്‍ സ്വന്തം പേരുകള്‍ക്ക് പകരം കൊറിയന്‍ പേരുകളാണ് വിളിച്ചിരുന്നത്. എട്ടു പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
കരയുന്ന മുഖമുള്ള ഇമോജിയും സോറി പപ്പ, ഐ ആം റിയലി സോറി എന്നിവരികളുമാണ് ആദ്യ പേജിലുള്ളത്. ഗെയിമില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും അവര്‍ എഴുതിയിട്ടുണ്ട്.ഗെയിം വിലക്കിയതോടെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇവരുടെ ഫോണില്‍ ഗെയിമുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.