നിഗൂഢമായ വിദേശപൗര; ബന്ധുക്കള്‍ ഓരോന്നായി കൊല്ലപ്പെട്ടു'; സോണിയക്കെതിരെയുള്ള പരാമര്‍ശത്തില്‍ കങ്കണക്കെതിരെ കേസ്


ഷിംല സ്വദേശിയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായി അതുല്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, തെറ്റായ വിവരങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭിന്നതയുണ്ടാക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചെന്ന പരാതിയില്‍ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ഷിംല ബോയിലോഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, തെറ്റായ വിവരങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭിന്നതയുണ്ടാക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


ഷിംല സ്വദേശിയും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായി അതുല്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവംബര്‍ 10-ന് കങ്കണയുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് കാരണമായത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും മരണങ്ങളെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ വളര്‍ച്ചയുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.


നിഗൂഢയായ വിദേശ പൗര എന്നാണ് സോണിയയെ കങ്കണ പരാമര്‍ശിച്ചത്. കുടുംബത്തിലേക്ക് കടന്നുവന്നതിന് പിന്നാലെ ഒന്നിനുപുറകെ ഒന്നായി ബന്ധുക്കള്‍ കൊല്ലപ്പെട്ടുവെന്നും പോസ്റ്റിലുണ്ട്. സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ മനേക ഗാന്ധിയെ കുടുംബവീട്ടില്‍നിന്ന് പുറത്താക്കിയെന്ന സംഭവവും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിമര്‍ശനത്തിന്റെ പരിധി കടക്കുന്നതാണെന്നും പൊതുജനങ്ങളില്‍ ശത്രുത വളര്‍ത്താനും സാമൂഹിക ഐക്യം തകര്‍ക്കാനും സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു.