'ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അംഗം ഉണ്ടായിരുന്നെങ്കിൽ വീട് പൊളിക്കലോ ഏറ്റുമുട്ടലോ ഉണ്ടാകുമായിരുന്നു' ; സംഭാവനക്കൊള്ളയിൽ യുപി സർക്കാരിനെ പരിഹസിച്ച് ഒവൈസി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി.
ബിജ്നോർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അംഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അംഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജ്നോറിൽ നടന്ന പൊതുയോഗത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഒവൈസി ബിജെപി സർക്കാരിനെതിരേ ആഞ്ഞടിച്ചത്. 'ട്രസ്റ്റിലും അഴിമതിയിലും ഒരു മുസ്ലിം അംഗം പങ്കാളിയായിരുന്നെങ്കിൽ ഒരു ഏറ്റുമുട്ടലോ അല്ലെങ്കിൽ ആ വ്യക്തിയുടെ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നിലവിൽ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.