ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതകം ; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി യുപി പൊലീസ്

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

 

ഉത്തര്‍ പ്രദേശിലെ ഷാംലിയില്‍ ഈ മാസം 26നാണ് ദാരുണമായ കൊലപാതകം നടന്നത്.

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാന്റെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തര്‍ പ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഗോഗി സംഘത്തില്‍ ഉള്‍പ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശ് പൊലീസും ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് ഇരുവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇവരില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.


ഉത്തര്‍ പ്രദേശിലെ ഷാംലിയില്‍ ഈ മാസം 26നാണ് ദാരുണമായ കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം ജിംനേഷ്യത്തില്‍നിന്ന് ഇറങ്ങിവന്ന അങ്കിത് ബാലിയന് (32) നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അങ്കിത് ബാലിയനെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജിംനേഷ്യത്തില്‍നിന്ന് ഇറങ്ങിവന്ന അങ്കിത് ബാലിയാന്‍ കാറിന് സമീപത്തേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണം നടന്നത്. അക്രമി സംഘം ബാലിയന് നേരെ 16 തവണ വെടിയുതിര്‍ത്തു. കൊലപാതകം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോഗി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. കൊലയാളികളെ നാല് ദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിലെത്തി ജീവനൊടുക്കുമെന്ന് അങ്കിത് ബാലിയാന്റെ ഭാര്യ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അങ്കിത് ബാലിയാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.