കൊലപാതകക്കേസിൽ നിന്ന് ഊരിപ്പോകാൻ നിയമബിരുദമെടുത്ത് സ്വയം വാദിച്ച് പ്രതി ; ഒടുവിൽ ജീവപര്യന്തം വിധിച്ച് കോടതി

 

കൊലപാതകക്കേസിൽ നിന്ന് ഊരിപ്പോകാനായി നിയമബിരുദമെടുത്ത്, കോടതിയില്‍ സ്വയം വാദിച്ച അഭിഭാഷകന് ജീവപര്യന്തം തടവ് വിധിച്ച് ഉത്തര്‍പ്രദേശിലെ കാൺപൂർ ദേഹത് ജില്ല സെഷൻസ് കോടതി. ഇയാള്‍ക്കൊപ്പം മറ്റ് ആറ് പ്രതികൾക്കും ജീവപര്യന്തവും 11.32 ലക്ഷം രൂപ പിഴയും ലഭിച്ചു. 

കാൺപൂർ ദേഹത് ജില്ല സെഷൻസ് ജഡ്‌ജി അനിൽ കുമാർ ഝായുടേതാണ് വിധി. കൊലപാതകം ചെയ്‌ത ശേഷം പ്രതി രാമു നിയമബിരുദം നേടി. തുടർന്ന് ആറ് വർഷം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തു. എന്നാൽ സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും പുറത്തുവന്നതോടെയാണ് ഇയാൾ കുടുങ്ങിയത്.

ബാബു ലാല്‍ എന്നയാളുടെ മകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട രവീന്ദ്ര തട്ടിക്കൊണ്ടുപോയതാണ് സംഭവത്തിന്‍റെ തുടക്കം. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടര്‍ന്ന്, 2009 ജൂലൈ 18 ന് രാവിലെ രവീന്ദ്രയും കൂട്ടുപ്രതികളും ബാബു ലാലിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെയും ഭാര്യ ശാന്തി ദേവിയെയും ക്രൂരമായി മർദിക്കുകയും ചെയ്തു. ബാബുവിന്‍റെ അയൽവാസികളായ ദേവി ചരൺ, ഗംഗാചരൺ, കാളി ചരൺ എന്നീ മൂന്ന് സഹോദരന്മാരാണ് ഓടിയെത്തി പ്രതികളെ പ്രദേശത്തുനിന്നും ഓടിച്ചത്.