‘അടുത്ത തെരഞ്ഞെടുപ്പിൽ മുംബ്രയാകെ പച്ചയാക്കണം’ ; മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവിനെതിരെ കേസ്
മുംബൈ: ‘വിവാദ’ പരാമർശം നടത്തിയ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മജ്ലിസ് പാർട്ടി) നിയുക്ത വനിത കോർപറേറ്റർക്കെതിരെ ബി.ജെ.പി നേതാക്കളുടെ പരാതിയിൽ കേസ്. താണെ നഗരസഭയിലെ മുംബ്ര 30ാം വാർഡിൽ ജയിച്ച 29 കാരിയായ സഹർ യൂനുസ് ശൈഖിനെതിരെയാണ് കേസ്.
വിജയാഘോഷത്തിലെ പ്രസംഗത്തിനിടെ, അടുത്ത തെരഞ്ഞെടുപ്പിൽ മുംബ്രയിലാകെ പച്ച നിറമടിക്കണമെന്ന പരാമർശമാണ് വിവാദമായത്. വർഗീയതയും മതങ്ങൾക്കിടയിൽ ഭിന്നിപ്പുമുണ്ടാക്കുന്നെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളായ കിരിത് സോമയ്യ, നിരഞ്ചൻ ദാവ്ഖരെ എന്നിവരാണ് പരാതി നൽകിയത്. മതപരമായ പരാമർശമല്ല നടത്തിയതെന്നും തന്റെ പാർട്ടിയുടെ കൊടിയുടെ നിറമാണ് ഉദ്ദേശിച്ചതെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കൊടിപാറിക്കണമെന്നാണ് പറഞ്ഞതെന്നുമാണ് സഹർ ശൈഖിന്റെ പ്രതികരണം.
ശരദ് പവാർ പക്ഷ എൻ.സി.പിയിലെ പ്രബലനായ ജിതേന്ദ്ര ആവാദിന്റെ വലംകൈയായിരുന്നു സഹറിന്റെ പിതാവ് യൂനുസ് ശൈഖ്. ആവാദിന്റെ ഉപദേശ പ്രകാരം രാഷ്ട്രീയത്തിലിറങ്ങിയ സഹറിന് തെരഞ്ഞെടുപ്പിൽ അവസരം നൽകിയില്ല. തുടർന്ന്, അവസാന നിമിഷമാണ് മജ്ലിസ് പാർട്ടിയിൽ ചേർന്നത്. വൈറൽ യൂടൂബർകൂടിയായ സഹർ പ്രദേശത്ത് പ്രശസ്തയാണ്. പവാർ പക്ഷത്തെ രുമാന ശൈഖിനെ 5,000ലേറെ വോട്ടിനാണ് സഹർ ശൈഖ് പരാജയപ്പെടുത്തിയത്.