മുംബൈ ഭീകരാക്രമണ വാർഷികം: കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി; രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് കേന്ദ്രമന്ത്രിമാർ
2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കുന്നതിന് പകരം കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഭീകരാക്രമണത്തിന്റെ 18-ാം വാർഷികദിനമായ വ്യാഴാഴ്ച എക്സിലൂടെയാണ് അദ്ദേഹം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കുന്നതിന് പകരം കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഭീകരാക്രമണത്തിന്റെ 18-ാം വാർഷികദിനമായ വ്യാഴാഴ്ച എക്സിലൂടെയാണ് അദ്ദേഹം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
26/11 ആക്രമണത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പാക്കിസ്ഥാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പ്രദീപ് ഭണ്ഡാരി ചോദിച്ചു. ഗാന്ധി-വാദ്ര കുടുംബത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പാക്കിസ്ഥാന് ക്ലീൻചിറ്റ് നൽകുന്ന നിലപാടിലേക്ക് കോൺഗ്രസിനെ നയിച്ചതെന്നും, രാജ്യസുരക്ഷയേക്കാൾ വോട്ട് ബാങ്കിനാണ് പാർട്ടി പ്രാധാന്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തെ 'ആർഎസ്എസിന്റെ ഗൂഢാലോചന' എന്ന് വിശേഷിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചതെന്തിനാണെന്നും, ആക്രമണത്തിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുത്തുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്നും ഭണ്ഡാരി ആവശ്യപ്പെട്ടു.
അതേസമയം, ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചും രാജ്യത്തിനായി പൊരുതി വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ അനുസ്മരിച്ചും കേന്ദ്രമന്ത്രിമാരും രംഗത്തെത്തി. 26/11 ആക്രമണത്തിലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ പരമോന്നത ത്യാഗം ചെയ്ത ധീരസൈനികരെ അഭിവാദ്യം ചെയ്യുന്നതായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളെയും ജീവൻ ബലിയർപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും അനുസ്മരിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, എല്ലാത്തരം ഭീകരവാദത്തെയും ചെറുത്തുതോൽപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
2008 നവംബർ 26-ന് പാക്കിസ്ഥാനിൽ നിന്ന് കടൽമാർഗ്ഗം മുംബൈയിലെത്തിയ ലഷ്കർ-ഇ-തൊയ്ബയുടെ പത്ത് ഭീകരർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.